ഒറ്റപ്പാലം: അമ്പലപ്പാറ ചുനങ്ങാട് പൊതുകളിസ്ഥലം വില കൊടുത്തു വാങ്ങാനുള്ള നാട്ടുകാരുടെയും ഷൂട്ടേഴ്സ് ക്ലബ്ബിന്റെയും തീരുമാനത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഫുട്‌ബാൾ ക്യാപ്റ്റൻ ഐ.എം. വിജയനെത്തി. ഒരു കോടി പത്തു ലക്ഷം രൂപ നൽകി ഒരേക്കർ സ്ഥലമാണ് കളിസ്ഥലത്തിനായി വാങ്ങുന്നത്. സമ്മാന കൂപ്പണിലൂടെയും സ്ഥലത്തിന്റെ സെന്റ് വില കണക്കാക്കി സഹായധനം സ്വീകരിക്കുന്നതിലൂടെയും തുക കണ്ടെത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. സമ്മാന കൂപ്പണിന്റെ വിതരണോദ്ഘാടനം ഐ.എം.വിജയൻ നിർവഹിച്ചു. 'ചുനങ്ങാട്ട് പൊതു കളിസ്ഥലം സാധ്യമാകും. ഞാനും കൂപ്പൺ എടുത്ത് ഈ ഉദ്യമത്തിൽ പങ്കാളിയാകുന്നു ' എന്ന് ഐ. എം.വിജയൻ പറഞ്ഞു. ചുനങ്ങാട് മോഡേൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. മമ്മികുട്ടി എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, കെ. രാമദാസ്, യു. രാജഗോപാൽ, സി.കെ. അബ്ബാസ്, കെ. അബ്ദുൾ നാസർ, കെ. ഗംഗാധരൻ, പ്രീത മോഹൻദാസ് എന്നിവർ സംസാരിച്ചു.