
അഗളി: കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അട്ടപ്പാടി ജനത. ഒന്നര വർഷത്തിനിടെ പതിനൊന്ന് ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലായി പ്ലാമരത്തെ ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് (42) ഒറ്റയാന്റെ ആക്രമണത്തിൽ പുലർച്ചെ കൊല്ലപ്പെട്ടത്.
ഈ ഒറ്റയാൻ നരസിമുക്ക്, പരപ്പൻന്തുറ പ്രദേശങ്ങൾ താണ്ടി പുതൂർ പഞ്ചായത്തിലെ കൊളപ്പടിക ഊരിനു സമീപത്തായി വിഹരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടാണ് നാല് കുട്ടികളും ഒരു കൊമ്പനും ഉൾപ്പടെയുള്ള പതിനാല് ആനകൾ ഭവാനി പുഴ താണ്ടി അഗളി പഞ്ചായത്തിലെ യൂക്കാലി തോട്ടത്തിൽ പ്രവേശിച്ചത്. ഭവാനി പുഴയിൽ വെള്ളം കൂടിയതോടെ തിരിച്ചുപോകാൻ കഴിയാതെ കരിവടം വനപ്രദേശത്ത് നിൽക്കുകയാണ്. അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ പെട്ടിക്കൽ, വയലൂർ, അഗളി പഞ്ചായത്തിലെ നസിമുക്ക്, പട്ടിമാളം, പുതൂർ പഞ്ചായത്തിലെ കൊളപ്പടിക സ്ഥലങ്ങളിലായി അഞ്ച് ഓളം ഒറ്റയാൻന്മാർ തന്നെ വിഹരിക്കുന്നത് പതിവാണ്. നിലവിൽ ആന ചീരക്കടവ് പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
ഇണ ചേരുന്നതിന്റെ ഭാഗമായാണ് കൂട്ടം തിരിഞ്ഞ് പോകുന്നതെന്ന് വിദഗ്‌ദ്ധർ പറയുന്നത്. നിലവിൽ അട്ടപ്പാടി റേഞ്ച് കേന്ദ്രീകരിച്ച് പുതൂരിൽ പുതിയ റാപ്പിഡ് റെസ്‌പ്പോൺ സ്ടീം പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ആനകളെ തുരത്തി അട്ടപ്പാടി ഭാഗത്തേക്ക് കടത്തിവിടുകയാണ് ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. ബാങ്ക് വായ്പയും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരും കാട്ടനയുടെ നിരന്തര ആക്രമണങ്ങളിൽ ദുരിതത്തിലായിരിക്കുകയാണ്. അഗളിയിലും നഗര പ്രദേശത്തും അന്തിമയങ്ങിയാൽ കാട്ടാന ഭീതിയിൽ പുറത്തിറങ്ങുവാൻ ആളുകൾ ഭയപ്പെടുകയാണ്. കാട്ടാന പ്രശ്നത്തിൽ വനം വകുപ്പ് ദേശീയ വന പരിപാലന സംഘത്തിന്റെ ഉപദേശം തേടിയിരിക്കുകയാണ്. ഇതിനായി സംഘത്തിന്റെ പ്രത്യേക യോഗം കഴിഞ്ഞ ദിവസം മുക്കാലി ഐ.ബിയിൽ ചേർന്നു. ടീം അംഗങ്ങളായ നവനീത് കുമാർ, വിഷ്ണു.ടി, പ്രോജക്ട് കോ ഓർഡിനേറ്റർ നിരഞ്ജൻ, ജിജോ തോമസ്, വിജയൻ, സി.സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇവർ തയ്യറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയ്യറാക്കുമെന്ന് വകുപ്പ് അറിയിച്ചു.
 സ്വാഭാവിക ആനത്താരികൾ നഷ്ടമായതും അന്യസംസ്ഥാനത്ത് നിന്ന് ആനകൾ വരുന്നതും പ്രധാന പ്രശ്നമാണ്. ഇതിൽ വിശദപഠനം ആവശ്യമാണ്. നിലവിൽ ആന സ്വകാഡിന്റെ പ്രവർത്തനം കാര്യക്ഷമമാണ്.
സി.സുമേഷ് കുമാർ,റേഞ്ച് ഫോറസ്റ്റ് ഓഫീസർ അട്ടപ്പാടി