
ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുളപ്പട അയപ്പ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയ നിലയിൽ. ക്ഷേത്രത്തിനുളളിലെ പ്രധാന ഭണ്ഡാരവും പുറത്തെ രണ്ടു ഭണ്ഡാരങ്ങളുമാണ് കുത്തി പൊളിച്ച് പണം കവർന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ആനയൂട്ടും വിശേഷാൽ പൂജകളും നടന്നിരുന്നു. അന്ന് ഭക്തർ കാണിക്കയായി നൽകിയ പണമുൾപടെ ഭണ്ഡാരത്തിലുണ്ട്. ഇതെല്ലാം നഷ്ടമായി. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ പാട്ടുവക്കാനായി എത്തിയ ആളാണ് ഭണ്ഡാരങ്ങൾ തകർത്തതായി കണ്ടത്. ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മതിൽ ചാടി കടന്നാണ് മോഷ്ട്ടാവ് മോഷണം നടത്തിയിട്ടുള്ളത്. മറ്റൊന്നും ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രം അധികൃതർ നൽകിയ പരാതിയിൽ ചെർപ്പുളശ്ശേരി എസ്.ഐ. പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷണത്തിനുപയോഗിച്ച പിക്കാസും, മടവാളും, ഒരു മൊബൈൽ ഫോണും സ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്. ഷൊർണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും മണ്ണാർക്കാട് നിന്ന് വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും മറ്റ് തെളിവുകൾ അടിസ്ഥാനമാക്കിയുമാണ് അന്വേഷണം നടക്കുന്നത്.