ksrtc

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഷാഫി പറമ്പിൽ എം.എൽ.എ ഇന്നലെ ഡിപ്പോ സന്ദർശിച്ചു. പദ്ധതി പ്രദേശത്ത് നിലനിന്നിരുന്ന ഐ.ഒ.സിയുടെ ഡീസൽ ടാങ്ക് ശനിയാഴ്ച എടുത്തു മാറ്റിയതിനാലും മഴ മാറി കാലാവസ്ഥ അനുകൂലമായതുകൊണ്ടും സെപ്തംബർ മാസത്തോടുകൂടി മുഴുവൻ പണിയും തീർത്തു പൊതു ജനങ്ങൾക്ക് സ്റ്റാൻഡ് തുറന്നു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ അറിയിച്ചു.

നേരത്തെ ആഗസ്റ്റ് മാസം 15നു പ്രവർത്തി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതാണ്. കനത്ത മഴ മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ കാരണവും ഡീസൽ ടാങ്ക് മാറ്റി സ്ഥാപിക്കാനുണ്ടായ കാലതാമസവും പ്രവർത്തി കുറച്ചു ദിവസം നടത്താൻ കഴിഞ്ഞില്ല. ഇതിനു ഇപ്പോൾ മാറ്റം വന്ന് പ്രവൃത്തികൾ വേഗത്തിൽ നടക്കുന്നുണ്ട്. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സജിനി, ഊരാളുകൾ എൻജിനീയർ ഷുഹൈബ്, കെ.എസ്.ആർ.ടി.സിയുടെ ഡി.ടി.ഒ ഉബൈദ് എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.