
സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ ഏറെ മുന്നിൽ പോക്‌സോ കേസുകളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ നിയമത്തിന്റെ ഉരുക്കുമുഷ്ടിയെ പോലും ഭയപ്പെടാതെ മുന്നേറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊലീസും കോടതികളും ഇത്തരം അതിക്രമങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ട്. എന്നിട്ടും കേസുകളുടെ എണ്ണം കുറയുന്നില്ലെന്നത് സമൂഹത്തിൽ കുറ്റവാസന എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ഈ വർഷം ജനുവരി മുതൽ ജൂൺവരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 2172 ആണ്. മുൻ വർഷത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ പകുതിയിലേറെ കേസുകൾ ഇപ്പോൾത്തന്നെ ഫയൽ ചെയ്തുകഴിഞ്ഞു. 2021ൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 3559 കേസുകളാണ്. തിരുവനന്തപുരവും മലപ്പുറവുമാണ് പോക്സോ കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ള ജില്ലകൾ. കോഴിക്കോടും മെട്രോ നഗരമായ കൊച്ചിയും പിറകിലല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
വീടുകളിലും സ്കൂളുകളിലും നമ്മുടെ കുരുന്നുകൾ ഒട്ടും സുരക്ഷിതരല്ല. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്‌സോ കേസുകളിലെ വലിയൊരു ശതമാനം ഇരകളും ആക്രമിക്കപ്പെട്ടത് സ്വന്തം വീട്ടുകാരിൽ നിന്ന് തന്നെയാണെന്നത് ഞെട്ടലുളവാക്കുന്നു. തൃശൂർ അന്തിക്കാടിൽ മതപഠനത്തിനെത്തിയ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പറവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വൈദികനും ആഗസ്റ്റ് 14ന് അറസ്റ്റിലായിരുന്നു. അകന്ന ബന്ധുവായ പതിനാറുകാരിയെ 32കാരനായ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചത് തിരുവനന്തപുരത്താണ്. സ്വന്തം വീടുകളും വിദ്യാലയങ്ങളും തന്നെയാണോ കുട്ടികൾക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഇത്തരം സംഭവങ്ങൾ. പോക്സോ നിയമത്തിന് പത്തുവയസ് പൂർത്തിയായ സാഹചര്യത്തിൽ കേസുകളിലെ വർദ്ധനവിനെക്കുറിച്ച് സാമൂഹ്യപഠനം അനിവാര്യമാണ്.
മലബാറിൽ മുന്നിൽ മലപ്പുറം
പോക്‌സോ കേസിൽ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത പ്രതികളുടെ എണ്ണം ആയിരക്കണക്കിന് വരും. ജീവപര്യന്തം തടവുവരെ ലഭിച്ചവർ ഇക്കൂട്ടത്തിലുണ്ട്. പൊലീസ് നടപടി ശക്തമാക്കിയിട്ടും കോടതികൾ കടുത്തശിക്ഷ വിധിച്ചിട്ടും നാട്ടിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒരിക്കൽ പോക്‌സോ കേസിൽ അറസ്റ്റിലായി തടവുശിക്ഷ അനുഭവിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും പോക്‌സോ കേസുകളിൽ അറസ്റ്റിലാകുന്ന സംഭവങ്ങളും ആവർത്തിക്കുന്നു.
മലബാർ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പോക്‌സോ കേസുകളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ് എന്നതൊരു വസ്തുതയാണ്. സംസ്ഥാനത്ത് ഏറ്റവമധികം പോക്‌സോ കുറ്റകൃത്യങ്ങളുണ്ടാകുന്നത് തിരുവനന്തപുരം ജില്ലയിലും മലപ്പുറം ജില്ലയിലുമാണ്. ഇതര മലബാർ ജില്ലകളിൽ കേസുകളുടെ എണ്ണം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ വർഷംതോറും ഇത്തരം കേസുകളിൽ കുറവുവരുന്നില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്രതിവർഷം ശരാശരി രണ്ടായിരത്തോളം കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നത്. ഓരോവർഷം ചെല്ലുന്തോറും കേസുകളുടെ എണ്ണം കൂടുകയും ചെയ്യുന്നു.
മലബാർ ജില്ലകളിൽ പോക്‌സോ കേസുകളിൽ മുന്നിൽ നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. 2016 മുതൽ 2022 വരെയുള്ള കണക്കുകളനുസരിച്ച് ജില്ലയിൽ ഇത്തരം കേസുകൾ ഏറിയും കുറഞ്ഞുമിരിക്കുകയാണ്. ആറു വർഷം മുമ്പ് 244 പോക്‌സോ കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2017 ൽ 219, 2018 ൽ 410, 2019 ൽ 444, 2020 ൽ 379, 2021 ൽ 460 എന്നിങ്ങനെയാണ് ജില്ലയിലെ കേസുകളുടെ എണ്ണം. പാലക്കാട് ജില്ലയിൽ 2016 - 123, 2017 -197, 2018 -198, 2019 - 254, 2020- 247,2021 - 251,2022 - 153 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. കോഴിക്കോട് ജില്ലയിൽ 2016 -170, 2017 - 274, 2018- 276, 2019 - 334,2020 - 262,2021- 294, 2022- 198 എന്നിങ്ങനെയും കണ്ണൂരിൽ 2016 - 143, 2017 - 142, 2018 -245, 2019-158, 2020- 220,2021 - 190, 2022 - 99 എന്നിങ്ങനെയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കേസുകളുടെ എണ്ണം താരതമ്യേന കുറവുള്ളത് വയനാട്, കാസർകോട് ജില്ലകളിലാണ്. ഇതേ വർഷങ്ങളിൽ വയനാട്ടിൽ 93,128,129,137,147,150,81 എന്നിങ്ങനെയും കാസർകോട്ട് 103,134,135,148,163,128,115 എന്നിങ്ങനെയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
വീടുപോലും കുട്ടികൾക്ക് 
സുരക്ഷിത കേന്ദ്രങ്ങളല്ല
പെൺകുട്ടികളും ആൺകുട്ടികളും ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്നുവെന്നാണ് കേസുകളിൽ നിന്ന് തെളിയുന്നത്. വിദ്യാലയങ്ങളിലും വീടുകളിലും ഇത്തരം അതിക്രമങ്ങൾ നടക്കുന്നു. വിദ്യാലയങ്ങൾ കൊവിഡ് മൂലം അടഞ്ഞു കിടന്ന രണ്ടു വർഷങ്ങളിൽ കേസുകളിൽ കുറവുണ്ടായിട്ടില്ലെന്നത് വീടുകളും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വേദികളാകുന്നുവെന്നാണ് തെളിയിക്കുന്നത്. അയൽവാസികളും അടുത്ത ബന്ധുക്കളുമാണ് ഇത്തരം കേസുകളിലെ പ്രതികളിലേറെയും. കഴിഞ്ഞ മാസമാണ് പോക്സോ കേസിലെ ഇരയായ പതിനൊന്നുകാരിയെ സ്വന്തം അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ പ്രതിയായ ഇളയച്ഛനും കൂട്ടരും തട്ടിക്കൊണ്ടുപോയതും. വിചാരണ തുടങ്ങാനിരിക്കെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചതും. സ്വന്തം വീടുപോലും കുട്ടികൾക്ക് സുരക്ഷിത കേന്ദ്രങ്ങളല്ലെന്നത് ആശങ്കയുയർത്തുന്നതാണ്. ജോലിക്കാരായ മാതാപിതാക്കൾ വീട്ടിൽ നിന്ന് പോകുമ്പോൾ ഒറ്റക്കാകുന്ന കുട്ടികളാണ് ഇത്തരം കേസുകളിലെ പ്രധാന ഇര. മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ ഇടയാക്കുന്നു. ആൺകുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.
ചൈൽഡ് ലൈനിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും ഈ ഏജൻസികളുടെ പങ്ക് വളരെ വലുതാണ്, പ്രശംസനീയവുമാണ്.
വിദ്യാലയങ്ങളിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുവെന്നത് ആശങ്കയോടെ തന്നെ വേണം കാണാൻ. അദ്ധ്യാപകർ തന്നെ കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നത് ഒരു പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്നവർക്കിടയിലാണെന്ന് ഓർക്കണം. സുരക്ഷിതമെന്ന് കരുതുന്ന വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്‌ക്കുന്ന രക്ഷിതാക്കളിൽ ഭയപ്പാടുകൾ വളർത്തുന്നവയാണ് ഇത്തരം സംഭവങ്ങൾ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സമൂഹത്തിന്റെ സമീപനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ലൈംഗികാവശ്യത്തിനുള്ള ഇരകളായി കുട്ടികളെ കാണുന്നത് മാനസിക വൈകല്യത്തിന്റെയും സാമൂഹികമായ ഉത്തരവാദിത്തം ഇല്ലായ്മയുടെയും ലക്ഷണമാണ്. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കുകയുള്ളു. എന്താണ് ശരിയായ സ്പർശം, എന്താണ് തെറ്റായ സ്‌പർശം എന്നതിനെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. തെറ്റായ രീതിയിലുള്ള ഏതൊരു സ്പർശത്തെയും ചോദ്യം ചെയ്യാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താനുമുള്ള ധൈര്യം പകർന്നുകൊടുക്കണം.