minister
മന്ത്രി എ.കെ. ശശീന്ദ്രൻ

മണ്ണാർക്കാട്: കാട്ടാനകളുടെ ശല്യം രൂക്ഷമായ തിരുവിഴാംകുന്ന് മേഖലയിൽ നിലമ്പൂരിൽ പരീക്ഷിച്ചു വിജയിച്ച ഹാഗിംഗ് ഫെൻസിംഗ് നടപ്പിലാക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആര്യമ്പാവ് കെ.ടി.ഡി.സിയിൽ കർഷകരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

കർഷകർക്ക് ലഭിക്കാനുള്ള നഷ്ടപരിഹാര തുക നൽകുന്നത് വേഗത്തിലാക്കും. എന്നാൽ നഷ്ടപരിഹാരത്തുക കൂട്ടണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് കേന്ദ്രസർക്കാറിന്റെ കൂടി അനുമതി വേണം. അതിനുള്ള ശ്രമം നടത്തുമെന്ന് മന്ത്രി കർഷകർക്ക് ഉറപ്പ് നൽകി. മണ്ണാർക്കാട് മാത്രമായി ഒരു ആർ.ആർ.ടി ടീം വേണമെന്ന് കർഷകർ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാരുടെ പരിമിതി കാരണം പുതിയ ആർ.ആർ.ടി ടീം അനുവദിക്കുക പ്രയാസമാണ്, അതിനാൽ നിലവിലുള്ള ആർ.ആർ.ടി ടീമിന്റെ അംഗസംഖ്യ ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു.

കർഷക പ്രതിനിധികൾക്കു പുറമേ എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.