 
നെന്മാറ: സമ്മിശ്ര കൃഷിയിൽ ആവർത്തന ചെലവ് ഒഴിവാക്കുന്നതിനായി പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് അയിലൂർ കയറാടി പനങ്കൂറയിൽ മാട്ടുറുമാക്കിൽ വീട്ടിൽ കെ.എസ്. ശശി. നെൽകൃഷിയും വാഴക്കൃഷിയും ഒപ്പം പച്ചക്കറി കൃഷിയും സജീവമായി ചെയ്യുന്ന ശശി മികച്ച ക്ഷീരകർഷകൻ കൂടിയാണ്.
മൂന്ന് ഏക്കറിലാണ് സാധാരണയായി പച്ചക്കറി കൃഷിയിറക്കുക. കൂടാതെ നാല് ഏക്കറിൽ നെൽകൃഷിയും അഞ്ച് ഏക്കറിൽ താഴെ വാഴകൃഷിയും ഇറക്കിയിട്ടുണ്ട്. വേനൽക്കാലത്ത് തന്നെ ആരംഭിച്ച പച്ചക്കറി കൃഷിയ്ക്ക് പന്തലൊരുക്കുന്നത് ഭാരിച്ച ചെലവായതിനാൽ പന്തലിനായി ഇരുമ്പു പൈപ്പുകളാണ് സ്ഥാപിച്ചത്. ഇതോടെ തുടർച്ചയായി കൃഷി ചെയ്യുന്നതിനുള്ള ആവർത്തന ചെലവ് ഒഴിവാക്കാനാകുമെന്ന് ശശി പറയുന്നു.
കൃഷിരീതി
പന്തലിൽ പാവൽ, പടവലം, കുമ്പളം തുടങ്ങിയവയാണ് പ്രധാനമായും വളർത്തിയിട്ടുള്ളത്. കീടബാധയും കളശല്യവും ഒഴിവാക്കുന്നതിനായി ചെടികളുടെ തടങ്ങൾ പ്ലാസ്റ്റിക് കടലാസുകൾ ഉപയോഗിച്ച് പൊതിയുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ചെടികളുടെ വേരുകൾ കൂടുതൽ ആഴ്ന്നിറങ്ങുകയും അതുവഴി കായ്ഫലം കൂടുതൽ ലഭിക്കാനും ഇടയാക്കും. വേനൽക്കാലത്ത് നനയ്ക്കുന്നതിനാൽ അതിന്റെ ജലാംശം ഇതുവഴി നഷ്ടപ്പെടാതിരിക്കാനും ഉപകരിക്കുമെന്നാണ് ശശി പറയുന്നത്.