film-poster


പാലക്കാട്: മുണ്ടൂരിലെ പാലക്കീഴിലെ കുഞ്ഞുവീട്ടിലെ ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ത്യയിലെ മികച്ച മദ്ധ്യദൂര ഓട്ടക്കാരിയായി ഏഷ്യൻ ഗെയിംസിലുൾപ്പെടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ പി.യു ചിത്രയുടെ കായിക ജീവിതം പറയുന്ന ഹ്രസ്വ ചിത്രം കൈയടി നേടുന്നു.

'ക്വീൻ ഒഫ് ദി മൈൽസ് ' എന്ന പേരിൽ യൂ ടൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനകം 15,750ലധികം കാഴ്ചക്കാരായി.

14 മിനുറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാലക്കാട് തച്ചമ്പാറ സ്വദേശിനി സി.ആർ.രവീണ രാജനാണ്. എസ്.ഐ.എ.എസ് മീഡിയ സ്കൂളിന്റെ ബാനറിൽ രവീണയുടെ സഹോദരൻ സി.ആർ.രഞ്ജിത്ത് കൃഷ്ണയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബി.പി എഡ് വിദ്യാർത്ഥിനിയായിരുന്ന അർച്ചനയാണ് ചിത്രത്തിൽ പി.യു.ചിത്രയായി വേഷമിട്ടത്. 2008ൽ ചിത്ര ട്രാക്കിലേക്കിറങ്ങുന്നതും സംസ്ഥാന സ്കൂൾ മീറ്റ്, ദേശീയ മീറ്റ്, അന്തർദേശീയ മത്സരങ്ങൾ എന്നിവയും ഇടയ്ക്ക് പരിക്കേറ്റ് പിൻമാറേണ്ടിവന്നതും കുടുംബ പശ്ചാത്തലവും ഉൾപ്പെടെയെല്ലാം വെള്ളിത്തിരയിലെത്തിക്കാൻ സംവിധായകയ്ക്ക് സാധിച്ചിട്ടുണ്ട്. പി.യു.ചിത്രയുടെ രക്ഷിതാക്കളും പരിശീലകൻ സിജിൻ മാഷും തങ്ങളുടെ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

കോഴിക്കോട് രാമനാട്ടുകരയിലെ സാഫി കോളേജിൽ എം.സി.ജെ വിദ്യാർത്ഥിനിയായിരിക്കെയാണ് രവീണ തന്റെ അക്കാഡമിക്ക് ആവശ്യങ്ങളുടെ ഭാഗമായി വീഡിയോ പ്രൊഡക്ഷനിലേക്ക് കടന്നത്. പിന്നീട് അത് പി.യു.ചിത്രയുടെ ഡോക്യു ഫിക്ഷനിൽ എത്തുകയായിരുന്നു. 2020ൽ ചത്രീകരണം ആരംഭിച്ച ചിത്രം മൂന്നുവർഷത്തിന് ശേഷമാണ് റിലീസായത്. അനസ് ഹനീഫയാണ് ഡി.ഒ.പി, എൻ.കെ.തൻസീം എഡിറ്റിംഗും ഹസീബ് റഹ്മാൻ ഡിസൈനിംഗും നിർവഹിച്ചു. മുണ്ടൂരും പരിസര പ്രദേശങ്ങളിലും രാമനാട്ടുകരയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

 ചിത്രം കണ്ടു, സന്തോഷം തോന്നി. സിനിമ എന്നെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി. അണിയറ പ്രവർത്തകർക്കും കാഴ്ചക്കാർക്കും നന്ദി.

- പി.യു.ചിത്ര