dam
ഡാം

ആലത്തൂർ: മംഗലംഡാം, ചുള്ളിയാർ, മീങ്കര ഡാമുകളിൽ സന്ദർശകരെ ആകർഷിക്കാൻ ഡി.ടി.പി.സിയുടെ നിയന്ത്രണത്തിൽ ഉദ്യാനം ഒരുക്കണമെന്ന് ആലത്തൂരിലെ ബി.എസ്.എസ് പ്രകൃതി പഠന സംരക്ഷണ കൗൺസിൽ സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിച്ചു. മേൽ പറയുന്ന ഡാമുകളുടെ പരിസരത്തെ നിലവിലെ അവസ്ഥ മോശമായതുകൊണ്ട് സന്ദർശകർ എത്തുന്നില്ല. ഉദ്യാനം ഒരുക്കിയാൽ സന്ദർശകരുടെ വരുമാനം കൊണ്ട് തുടർ പരിപാലനം സാധ്യമാക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ജില്ലയിലെ പറമ്പിക്കുളം, ശിരുവാണി എന്നിവിടങ്ങളിലെ നാല് ഡാമുകൾ ഒഴികെ പാലക്കാട് ജില്ലയുടെ കാർഷിക ജലസേചനത്തിനായുള്ള എട്ട് ഡാമുകളാണ് പഠന സംഘം സന്ദർശിച്ചത്.

അതിൽ പോത്തുണ്ടി, മലമ്പുഴ, കാത്തിരപ്പുഴ ഡാമുകളിലെ ഉദ്യാനവും പരിപാലനവും നല്ല നിലയിലാണ് കാണുന്നത്. മൂലതറ റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ആയതിനാൽ അവിടെ മറ്റ് വികസനത്തിന് സാധ്യത ഇപ്പോൾ കാണുന്നില്ലെന്നും സംഘം പറഞ്ഞു. പ്രസിഡന്റ് ഡോ.പി. ജയദേവൻ, ജോയന്റ് സെക്രട്ടറി കെ.വേലുണ്ണി, പി.കെ. മുഹമ്മദ്, ബഷീർ, കെ.ജി. റെജി, എസ്.രാജേഷ് കുമാർ, സി.വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.