arrest
അറസ്റ്റിൽ

ശ്രീകൃഷ്ണപുരം: മലപ്പുറം സ്വദേശികളായ മൂന്നു പേർ സഞ്ചരിച്ച കാർ തിരുവാഴിയോട് കനാൽ പാലത്തിന് സമീപം തടഞ്ഞു നിറുത്തി കൈയ്യേറ്റം ചെയ്ത് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കല്ലൂർ, തൃക്കൂർ കുന്നത്ത് വളപ്പിൽ പരേതനായ വേലുകുട്ടിയുടെ മകൻ ബിനോജാണ് (43) അറസ്റ്റിലായത്. പൊലീസ് ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നെടുമ്പാശ്ശേരിയിൽ നിന്നും 14 കിലോഗ്രാം സ്വർണം തട്ടിയ കേസ്, പരപ്പനങ്ങാടിയിലെയും കർണാടക മാണ്ഡ്യായിലെയും കുഴൽപ്പണം കടത്തൽ, തൃശൂരിലെ ഹാഷിഷ് ഓയിൽ കടത്തിയ സംഭവം എന്നീ കേസുകളിൽ പ്രതിയാണ് ബിനോജ് എന്ന് പൊലീസ് പറഞ്ഞു. മാണ്ഡ്യാ റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത് മാണ്ഡ്യാ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. ജയിലിൽ നിന്നാണ് ഇൻസ്‌പെക്ടർ കെ.എം. ബിനീഷും സംഘവും ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

2021 മാർച്ച് 21ന് രാവിലെ 6.45 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മലപ്പുറം തിരൂരങ്ങാടി കരിപ്പറമ്പ് മുഹമ്മദാലി സുഹൃത്തുക്കളായ ചെമ്മലപ്പാറ യഹിയാസ്, കരിപ്പറമ്പത്ത് നിസാർ എന്നിവർ സഞ്ചരിച്ച കാർ ആണ് തട്ടിയെടുത്തത്. പ്രതികൾ എത്തിയതും കാർ തടഞ്ഞു നിറുത്താനും ഉപയോഗിച്ച ടെമ്പോയുടെ ഉടമയാണ് അറസ്റ്റിലായ ബിനോജെന്നും ഇയാളാണ് സംഭവം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത കാർ മാർച്ച് 31ന് ഒറ്റപ്പാലം മായന്നൂർ അക്വേഷ്യ എസ്റ്റേറ്റിൽ നിന്നും കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഒതുക്കുങ്ങൽ വട്ടപ്പറമ്പ് ബിനീത്, വരന്തരപ്പിള്ളി കാരായം പാടം പള്ളൻ വീട്ടിൽ വിനോജ് എന്ന പള്ളൻ ബാബു എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.