 
മണ്ണാർക്കാട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ചയാളെ മണ്ണാർക്കാട് പൊലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ നായിക്കന്മാർ കുന്നത്ത് വീട്ടിൽ ബഷീറാണ് പിടിയിലായത്.
ആഗസ്റ്റ് 19ന് പുലർച്ചെയാണ് സംഭവം. നെല്ലിപ്പുഴയിലെ വൈശാഖ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇടക്കുർശ്ശി സ്വദേശി സുദീശിന്റെ ഒരു വയസും മൂന്ന് മാസവും പ്രായമുള്ള കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷണം പോയത്. തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
മണ്ണാർക്കാട് പൊലീസ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റമീസ്, മുബാറക് അലി എന്നിവർ ചേർന്നാണ് ബഷീറിനെ പിടികൂടിയത്. മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.