kadhi
ഒറ്റപ്പാലം മേഖലയിലെ അകലൂർ ഖാദി പ്രൊഡ്ക്ഷൻ സെന്ററിന് മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം സംസ്ഥാന പ്രസിഡന്റ് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം: സർവ്വോദയ സംഘം സ്റ്റാഫ് ആൻഡ് ആർട്ടിസാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് സർവ്വോദയ സംഘത്തിലെ ഖാദി തൊഴിലാളികൾ സമരം ആരംഭിച്ചു. ഏപ്രിൽ മാസം മുതലുള്ള വേതന കുടിശ്ശിക, കഴിഞ്ഞ രണ്ടു വർഷത്തെ ഓണം ഇൻസെന്റീവ് എന്നിവ കുടിശ്ശിക തീർത്ത് നല്കുക, ക്ഷേമനിധി, ഇ.എസ്.ഐ ആനുകുല്യങ്ങൾ എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കുക, ഭരണകാര്യങ്ങളിൽ പരാജയപ്പെട്ട ഭരണ സമിതി രാജിവെച്ച് സംഘം ഭരണം ഖാദികമ്മിഷനെ ഏല്പിക്കുക എന്നിവയാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

സംഘത്തിന്റെ വിവിധ ശാഖകളിൽ സമരം നടക്കും. ഒറ്റപ്പാലം മേഖലയിലെ അകലൂർ ഖാദി പ്രൊഡ്ക്ഷൻ സെന്ററിന് മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം സംസ്ഥാന പ്രസിഡന്റ് പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഉത്രാടം നാളിൽ സംഘം ഹെഡ് ഓഫീസിലേക്ക് സമരം മാറ്റുമെന്ന് പി.പി. വിജയകുമാർ പറഞ്ഞു. മേഖലാ സെക്രട്ടറി പി. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. എ.പി. വിമല, പി. സജിത, പി. പത്മിനി എന്നിവർ സംസാരിച്ചു.