road
പൈപ്പിടാൻ വെട്ടിപൊളിച്ച പൊൽപ്പുള്ളി പഞ്ചായത്തിലെ കൈപ്പകോട് റോഡ്‌

ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്തിൽ കൈപ്പക്കോട് മുതൽ മൂന്ന് കിലോമീറ്ററോളം ദൂരം റോഡിലൂടെയുള്ള യാത്ര ദുസഹം. വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് റോഡരികിൽ കുഴിയെടുത്ത് മാസങ്ങളായിട്ടും ഗതാഗത യോഗ്യമാക്കാതെ അലംഭാവം കാണിക്കുന്നതായാണ് പരാതി. കൈപ്പകോട്, വലിയകാട്, ആലിയമ്പാടം, കുണ്ടന്തോട് തുടങ്ങിയ പ്രദേശങ്ങളിലെ 200ഓളം കുടുംബങ്ങളാണ് വലിയ ദുരിതം അനുഭവിക്കുന്നത്.

ഈ പ്രദേശങ്ങളിലെ കർഷകരുടെ പാടശേഖരങ്ങളിലേക്കുള്ള യാത്രാ ക്ലേശവും രൂക്ഷമാണ്. റോഡ് ഗതാഗതയോഗ്യമാക്കാൻ വാട്ടർ അതോറിറ്റി അധികൃതർ മുമ്പാകെ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡ് പൊളിച്ച ശേഷം ആകെ ചെയ്തത് ഒരു സ്വകാര്യ വ്യക്തിയുടെ അരി ഗോഡൗണിലേക്ക് വാഹനം പോകാനുള്ള സൗകര്യങ്ങൾക്കായി അര കിലോമീറ്റർ ദൂരം ഗതാഗത യോഗ്യമാക്കി എന്നതാണ്. ബാക്കി ഉള്ള രണ്ടര കിലോമീറ്റർ ദൂരം കഷ്ടിച്ച് ഇരു ചക്ര വാഹനങ്ങൾ ഒഴിച്ച് മറ്റ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. രോഗികളായവര ആശുപത്രിയിലെത്തിക്കാൻ പോലും ബുദ്ധിമുട്ടാണെന്ന് പരിസര വാസികൾ പറയുന്നു. 200 കുടുംബങ്ങളുടെ വഴി പ്രശ്നത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പിടാൻ വെട്ടിപൊളിച്ച പൊൽപ്പുള്ളി പഞ്ചായത്തിലെ കൈപ്പകോട് റോഡ്‌