onam
ഓണം മേളകൾ

പലക്കാട്: സംസ്ഥാന സർക്കാരിന്റെ ഓണം മേളകൾ ഇന്നാരംഭിക്കും. കോട്ടമൈതാനത്ത് നടക്കുന്ന സപ്ലൈകോ ജില്ലാ ഫെയർ സെപ്തംബർ ഏഴ് വരെ ഉണ്ടാകും. ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പിൽ എം.എൽ.എ രാവിലെ 9.30ന് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അദ്ധ്യക്ഷയാകും. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ ഓണം ഫെയറിന്റെ ആദ്യ വിൽപന നടത്തും. രാവിലെ 9.30 മുതൽ രാത്രി എട്ട് വരെയാണ് ഓണം ഫെയർ.

ആറ് താലൂക്ക് ഫെയറും മൂന്ന് ഓണം മാർക്കറ്റും മാവേലി സ്റ്റോറുകളിലായി 95 മിനി ഫെയറുകളുമാണ് ഉണ്ടാവുക. താലൂക്ക് ഫെയർ സെപ്തംബർ രണ്ടുമുതലും ഓണം മാർക്കറ്റും മറ്റ് ഫെയറുകളും മൂന്നു മുതലുമാണ് ആരംഭിക്കുക. കൂടാതെ ആവശ്യക്കാർക്ക് ഓണം സമൃദ്ധി കിറ്റുമുണ്ട്. ആയിരം രൂപയുടെ സാധനങ്ങൾ 900 രൂപയ്ക്ക് ലഭിക്കും. ഒന്നാം ഓണ ദിവസമായ ഏഴിന് ഫെയ്റുകൾ അവസാനിക്കും. സഹകരണമേഖലയിൽ 75 ചന്തകളും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി 13 ചന്തകളും ഉണ്ടാവും.

കൺസ്യൂമർ ഫെഡ് സഹകരണ ഓണച്ചന്ത 29 മുതൽ സെപ്തംബർ ഏഴുവരെയാണ്. ജില്ലാ ഉദ്ഘാടനം 30ന് തടുക്കശേരി സർവീസ് സഹകരണ ബാങ്കിൽ കെ.ശാന്തകുമാരി എം.എൽ.എ നിർവഹിക്കും. കൺസ്യൂമർഫെഡും സപ്ലൈ കോയും വൻ വിലക്കുറവിലാണ് അവശ്യസാധനങ്ങൾ ഓണത്തിന് ജനങ്ങളിൽ എത്തിക്കുന്നത്. 13 ഇനങ്ങൾ സബ്സിഡിയിൽ ലഭിക്കും. കൺസ്യൂമർഫെഡിൽ ജയ, കുറുവ, കുത്തരി എന്നിവയിൽ ഒരിനം അരി അഞ്ച് കിലോ ലഭിക്കും. പച്ചരി രണ്ട് കിലോയും പഞ്ചസാര ഒരു കിലോയും ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപ്പ രിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോയും അരലിറ്റർ വെളിച്ചെണ്ണയുമുണ്ട്. ഇതിനു പുറമേ നോൺ സബ്സിഡി ഇനത്തിൽ 43 ഇന സാധനങ്ങളും മിൽമ കിറ്റും ലഭിക്കും. സബ്സിഡി ഇല്ലാത്ത സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ട്.