
ചിറ്റൂർ: കേരള-തമിഴ്നാട് അതിർത്തിൽ ഗോപാലപുരത്ത് വെച്ച് 11 മില്ലി ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവും കൈവശം വച്ചതിന് മെഡിക്കൽ വിദ്യാർത്ഥികളായ രണ്ട് ആന്ധ്രാ സ്വദേശികൾ പിടിയിലായി. ചന്ദന നാഗേന്ദ്ര സായിതേജ (23), ബാനോത് അക്ഷയ് (23) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇരുവരും ആന്ധ്രയിൽ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്തു വരികയാണ്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തിയിൽ ചിറ്റൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഇവർ പിടിയിലായത്. ഇരുവരും കൊടൈക്കനാൽ നിന്നും വയനാട് പോകുമ്പോഴാണ് പിടിയിലാവുന്നത്.
എക്‌സൈസ് ഇൻസ്‌പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ പി.പി. ബെന്നി, സിവിൽ എക്‌സൈസ് ഓഫീസർ കണ്ണൻ, ഡ്രൈവർ മുരളി മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇരുവരേയും കോടതിയിൽ ഹജരാക്കി. ചന്ദന നാഗേന്ദ്ര സായിതേജെയെ റിമാൻഡ് ചെയ്യുകയും ബാനോത് അക്ഷയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തിരുന്നത്.