waste
നഗരസഭാ മാർക്കറ്റിന് സമീപം പാഴ്വസ്തുക്കൾ മാസങ്ങളായി കൂടിക്കിടക്കുന്നു.

ഷൊർണൂർ: ടൗണിലെ മത്സ്യ-മാംസ മാർക്കറ്റ് മാലിന്യ കേന്ദ്രം. നഗരസഭയിൽ പരാതിപെട്ടിട്ടും ഫലമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഷൊർണൂർ നഗരസഭാ ബസ് സ്റ്റാൻഡിന് സമീപത്തെ മത്സ്യമാംസ മാർക്കറ്റിൽ കടകൾക്കു മുന്നിലാണ് മാസങ്ങളായി മാലിന്യങ്ങളും മറ്റും കൂടി കിടക്കുന്നത്. മാർക്കറ്റ് ശുചീകരണത്തിനെന്ന പേരിൽ നഗരസഭാ ആരോഗ്യ വകുപ്പ് തൊഴിലാളികൾ വരുന്നുണ്ടെങ്കിലും മാലിന്യം നീക്കാൻ ശ്രമിക്കുന്നില്ലെന്നാണ് പരാതി.
നഗരസഭ പുതിയതായി നിർമ്മിച്ച മാർക്കറ്റ് കെട്ടിടങ്ങളിലേക്ക് നിലവിലെ മത്സ്യമാംസ കച്ചവടക്കാരെ മാറ്റുന്നതിനും നഗരസഭാ അധികൃതർ നടപടി എടുക്കുന്നില്ല. പഴയ നഗരസഭാ ഓഡിറ്റോറിയം ചെറിയ കടമുറികളാക്കിയാണ് ഇപ്പോൾ മത്സ്യമാംസ കച്ചവടം നടത്തുന്നത്. പുതിയതായി നിർമ്മിച്ച മാർക്കറ്റ് കെട്ടിടത്തിൽ വ്യാപാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഇല്ലെന്നും മഴ പെയ്താൽ വെള്ളം മുറികൾക്കകത്തേക്ക് വീഴുന്നതും പ്രശ്നമുന്നയിച്ചാണ് കച്ചവടക്കാർ പുതിയ കെട്ടിടത്തിലേക്ക് മാറാത്തത്. നഗരസഭയുടെ അധീനതയിലുള്ള ബസ് സ്റ്റാൻഡിന് സമീപത്തെ കംഫർട്ട് സ്റ്റേഷനും പരിസരവും വൃത്തിഹീനവും പരിസരത്ത് മദ്യപന്മാരുടെ വിളയാട്ട് കേന്ദ്രവുമാണ്.