
വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ തല ഫയൽ അദാലത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു
പാലക്കാട്: കാട്ടാന പ്രതിരോധത്തിന് ആറു കോടി രൂപയും നബാർഡ് സഹായത്തോടെ സോളാർ ഫെൻസിംഗും സ്ഥാപിക്കാൻ അനുവദിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പാലക്കാട് റെയിൽവേ കല്യാണമണ്ഡപത്തിൽ നടന്ന വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ തല ഫയൽ അദാലത്ത് ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഫയൽ തീർപ്പാക്കൽ യജ്ഞം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അടുത്ത ഘട്ടത്തോടു കൂടി 50 ശതമാനം ഫയൽ തീർപ്പാക്കൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ വന വിസ്തൃതി വർദ്ധിപ്പിച്ച് ആകെ 29.5 ശതമാനം സംരക്ഷണ ഭൂമിയിൽ നിലനിറുത്തിക്കൊണ്ട് കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി.
ഫയൽ തീർപ്പാക്കൽ ഭാഗമായി ഈസ്‌റ്റേൺ സർക്കിൾ പരിധിയിലെ ടെറിട്ടോറിയൽ ഡിവിഷനുകൾ, വൈൽഡ് ലൈഫ് ഡിവിഷനുകൾ, സാമൂഹ്യ വനവത്കരണ വിഭാഗം, ഇൻസ്‌പെക്ഷൻ ഇവാല്വേഷൻ വിഭാഗം, വർക്കിംഗ് പ്ലാൻ ഡിവിഷൻ തുടങ്ങിയ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിലായി 44,881 ഫയലുകളാണ് തീർപ്പാക്കാൻ ഉണ്ടായിരുന്നത്. അദാലത്തിൽ ഒന്നുമുതൽ മൂന്നുവരെ റൗണ്ട് പൂർത്തിയാക്കി 9756 ഫയലുകൾ തീർപ്പാക്കി. ആകെ ഫയലുകളുടെ 21.75 ശതമാനമാണിത്. ബാക്കി ഫയലുകൾ രണ്ട് റൗണ്ട് കൂടി അദാലത്ത് നടത്തി പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
എ. പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്റ്റേൺ സർക്കിൾ കെ. വിജയാനന്ദൻ ഐ.എഫ്.എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി ഐ.എഫ്.എസ്, എം.എൽ.എമാരായ കെ. ബാബു, കെ.ഡി. പ്രസേനൻ, എൻ. ഷംസുദ്ദീൻ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോറസ്റ്റ് സർക്കിൾസ് പാലക്കാട് പേജ് ഉദ്ഘാടനം
വനംവകുപ്പിന്റെ ജനോപകാരപ്രദമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സജ്ജമാക്കിയ ഫോറസ്റ്റ് സർക്കിൾസ് പാലക്കാട് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് ആദ്യ പോസ്റ്റ് അപ്ലോഡ് ചെയ്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.
69 ലക്ഷം രൂപ ആശ്വാസ ധനസഹായം കൈമാറി 
പാലക്കാട്, മലപ്പുറം ജില്ലകളിലെ ഡിവിഷനുകളായ പാലക്കാട്, നെന്മാറ, മണ്ണാർക്കാട്, സൈലന്റ് വാലി, നിലമ്പൂർ നോർത്ത്, നിലമ്പൂർ സൗത്ത്, പറമ്പിക്കുളം എന്നിവിടങ്ങളിലെ വന്യജീവി ആക്രമണത്തിന് ഇരയായ 118 ഉപഭോക്താക്കൾക്ക് ആശ്വാസ ധനസഹായം 69 ലക്ഷം രൂപ മന്ത്രി വിതരണം ചെയ്തു.
തുക ഇങ്ങനെ
പാലക്കാട് ഡിവിഷന് - രണ്ടു കോടി രൂപ
മണ്ണാർക്കാടിന് 1.5 കോടി രൂപ
നെന്മാറയ്ക്ക് 75 ലക്ഷം
നിലമ്പൂരിന് 1.25 കോടി രൂപ