അഗളി: അട്ടപ്പാടിയിൽ 68 ഏക്കറിൽ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂർ പഞ്ചായത്തിലെ കർഷകർ. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയിൽ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വർഷം അഞ്ച് ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടർന്നാണ് ഇത്തവണയും കൃഷി ചെയ്യുന്നത്. ഷോളയൂർ പഞ്ചായത്തിലെ ഊത്ത്ക്കുഴി, ഗോഞ്ചിയൂർ, കട്ടാളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 60 കർഷകരാണ് കൃഷിയിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്നാണ് ഉരുളക്കിഴങ്ങ് വിത്തുകൾ എത്തിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ നിർദ്ദേശത്തോടെയാണ് കൃഷി. ലാഭമായാൽ അടുത്ത വർഷങ്ങളിൽ കൂടുതൽ വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ
അട്ടപ്പാടിയിൽ സുലഭമല്ലാത്ത ഉരുളക്കിഴങ്ങ് കൃഷിയെ സജീവമാക്കുന്നതിനും വന്യമൃഗ ശല്യത്തിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാം എന്ന വിശ്വാസത്തിലുമാണ് കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. രണ്ട് മാസം മുൻപാണ് കൃഷി ആരംഭിച്ചത്. രണ്ട് മാസം കഴിഞ്ഞ് വിളവെടുക്കാനാവും. അടുപ്പിച്ചുള്ള മഴയും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.