
പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ കാനം- ഇസ്മായിൽ പക്ഷങ്ങൾ തമ്മിൽ കടുത്ത മത്സരം നടന്നതോടെ അംഗങ്ങളെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. പൂർത്തിയായത് ഇന്നലെ പുലർച്ചെ രണ്ടുമണിക്കും. 45 അംഗ ജില്ലാ കൗൺസിലിലേക്ക് 60 പേരാണ് മത്സരിച്ചത്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച 15 പേരിൽ ഇസ്മായിൽ പക്ഷത്തെ മൂന്നുപേർ വിജയിച്ചു. രവി എടേരത്ത്, സീമ കൊങ്ങശ്ശേരി, എം.എസ്. രാമചന്ദ്രൻ എന്നിവരാണ് ജയിച്ചത്.
അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മത്സരം ഒഴിവായി. സെക്രട്ടറിയായി ഔദ്യോഗിക പക്ഷത്തെ കെ.പി. സുരേഷ് രാജിനെ നാലാം തവണയും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്നുതവണ എന്ന നിബന്ധനയിൽ ഇളവ് നൽകിയാണ് വീണ്ടും അവസരം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് രാജ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സുമലത മോഹൻദാസ്, ജോസ് ബേബി, പൊറ്റശ്ശേരി മണികണ്ഠൻ, ഒ.കെ. സെയ്തലവി എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.
ജില്ലാ കൗൺസിൽ അംഗങ്ങളായി എഴ് വനിതകളും ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന യോഗത്തിൽ പാർട്ടി ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം, ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, വി.ചാമുണ്ണി, ടി.സിദ്ധാർത്ഥൻ, പി.കെ. സുഭാഷ്, മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
പാർട്ടി സെക്രട്ടറി സ്ഥാനം അലങ്കാരപദവിയല്ലെന്ന തികഞ്ഞ ബോധ്യമുണ്ട്. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും.
- കെ.പി. സുരേഷ് രാജ്