arrest

പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ ആറുപേർ പിടിയിലായി. തത്തമംഗലം സ്വദേശി സുവീഷാണ് (20) കൊല്ലപ്പെട്ടത്. ബന്ധുക്കൾ നൽകിയ പരാതിയിൽ സുഹൃത്തുക്കളായ സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെ പൊലീസ് പിടികൂടി. ഋഷികേശിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഞ്ചാവ് വിൽപ്പനയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ജൂലായ് 19 മുതൽ സുവീഷിനെ കാണാനില്ലായിരുന്നു. 26ാം തിയതി വീട്ടുകാർ ചിറ്റൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയിലാണ് യാക്കര പുഴയ്ക്ക് സമീപത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാർ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി തർക്കം നിലനിന്നിരുന്നെന്നും ഇവരിൽ നിന്നും മകന് ഭീഷണി ഉണ്ടായിരുന്നതായും സുവീഷിന്റെ അമ്മ പറയുന്നു.

19ന് രാത്രി സുവീഷിനെ സുഹൃത്തുക്കൾ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് പാലക്കാട് നഗരത്തിലെ ശ്മാശനത്തിലെത്തിച്ച് വടികൊണ്ട് തലക്കടിച്ച് കൊന്നു. ജൂലായ് 20ന് മൃതദേഹം യാക്കര പുഴയിൽ ഉപേക്ഷിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.