 
ഒറ്റപ്പാലം: നഗരത്തിൽ ആർ.എസ് റോഡിലെ ലോഡ്ജിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തി. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 3.850 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. സുജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാതയോരത്തെ പൊന്തക്കാടിനുള്ളിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. എസ്.ഐ.പി. ശിവശങ്കരന്റെ നേതൃത്വത്തിൽ എ.എസ്.ഐ വി.എ ജോസഫ്, സുമേഷ്, അബ്ദുൾ ഹമീദ്, സജിൻ, രാമദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ബാഗ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഇൻസ്‌പെക്ടർ എം.സുജിത്ത് പറഞ്ഞു.