crime

അഗളി: പാലക്കാട് അട്ടപ്പാടിയിൽ നാല് വയസുകാരന്റെ കാൽ സ്റ്റൗവിൽ വച്ച് പൊള്ളിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അഗളി പഞ്ചായത്തിലെ ഓസത്തിയൂർ ഊരിലെ 26 കാരി രഞ്ജിതയും സുഹൃത്ത് പാലക്കാട് സ്വദേശി 30 കാരൻ ഉണ്ണിക്കൃഷ്ണനുമാണ് അറസ്റ്റിലായത്. രണ്ട് മക്കളുടെ അമ്മയായ രഞ്ജിത നാല് മാസമായി ഭർത്താവിനെയും മൂത്ത കുട്ടിയേയും ഉപേക്ഷിച്ച് ഉണ്ണിക്കൃഷ്ണനോടൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരോടൊപ്പമുണ്ടായിരുന്ന ഇളയ മകനാണ് ക്രൂരതയ്ക്കിരയായത്.

മർദ്ദനമേറ്റ് ഒരു കുട്ടി ചികിത്സയിലുണ്ടെന്നറിഞ്ഞാണ് പൊലീസ് ആശുപത്രിയിൽ എത്തിയത്. പിന്നീട് കുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസെടുത്തു. കുഞ്ഞ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്‌. കുഞ്ഞിന്റെ പുറത്ത് ഇലക്ട്രിക് വയറുകൊണ്ട് മർദ്ദിച്ച പാടുകളുണ്ട്. മദ്യപിച്ചു വീട്ടിലെത്തുന്ന ഉണ്ണിക്കൃഷ്ണൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.