water

നെന്മാറ: അയിലൂർ മൃഗാശുപത്രിയോട് ചേർന്ന് സ്ഥാപിച്ച കുഴൽക്കിണറും പമ്പ് ഹൗസും വാട്ടർ ടാങ്കും ഉപയോഗ ശൂന്യമായി കിടക്കുന്നു. ഒരു ദിവസം പോലും ഉപയോഗിക്കാതെ മോട്ടോർ ഗാരന്റി പിരീഡ് കഴിഞ്ഞു. പമ്പ് ഹൗസാണെങ്കിൽ കാട് കയറി കിടക്കുകയാണ്.

കുഴൽക്കിണറും മോട്ടോറും ഷെഡും ഉണ്ടായിട്ടും കയറാടി മൃഗാശുപത്രിയിൽ എത്തുന്ന മൃഗങ്ങളുടെ മുറിവുകൾ കഴുകി വൃത്തിയാക്കി തുന്നി കെട്ടുന്നതിന് ഇവിടെ വെള്ളമില്ല. ഓപറേഷനോ മറ്റോ നടത്തി അവശയായ മൃഗങ്ങൾക്ക് കുടിക്കാൻ വെള്ളം നൽകാനോ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനോ കഴുകിയെടുക്കുന്നതിനോ വെള്ളം അയൽവീട്ടുകളിൽ നിന്നും കൊണ്ടുവരേണ്ട അവസ്ഥയാണ്.

ഓരോ വർഷവും പഞ്ചായത്ത് പദ്ധതിവിഹിതം ചെലവഴിച്ച് ലക്ഷങ്ങൾ മുടക്കുന്നുണ്ടെങ്കിലും തുക ചെലവഴിക്കുന്നതിൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗമോ ധനകാര്യ ഓഡിറ്റ് വിഭാഗമോ പഞ്ചായത്ത് ഭരണസമിതിയോ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇപ്പോൾ പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ കുടിവെള്ള വിതരണ കുഴൽ മൃഗാശുപത്രിയുടെ മുൻവശത്ത് കൂടെ പോകുന്നുണ്ട്. സമീപ വീടുകളിലേക്ക് ഇതിൽ നിന്നും കുടിവെള്ള കണക്ഷൻ നൽകിയെങ്കിലും മൃഗാശുപത്രിയിലേക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല.

ആധുനിക രീതിയിലുള്ള ശുചി മുറിയുൾപ്പടെ മൃഗാശുപത്രിയിൽ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ വെള്ളത്തിന് വഴിയില്ല. ലക്ഷക്കണക്കിന് രൂപ മുടക്കി വർഷങ്ങളായിട്ടും മൃഗാശുപത്രിയുടെ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാൻ അയിലൂർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവുന്നില്ല.

- ക്ഷീര കർഷകർ