road
ഗോവിന്ദപുരം റോഡ്.

മണ്ണാർക്കാട്: നഗരത്തിന്റെ വികസന നേട്ടങ്ങൾക്ക് അപവാദമായി ഗോവിന്ദപുരം റോഡ്. താലൂക്കിലെ തന്നെ പ്രധാന ആരാധനാ കേന്ദ്രമായ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം, യൂണിവേഴ്സൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡ് നാളുകളായി പരിതാപകരമായ അവസ്ഥയിലാണ്. സമീപ പ്രദേശങ്ങളിലെ റോഡുകളെല്ലാം നവീകരിക്കുമ്പോഴും ഗോവിന്ദപുരം റോഡിനെ മാത്രം ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണുള്ളത്. പ്രദേശവാസികൾ, ഭക്തർ, വിദ്യാർത്ഥികൾ തുടങ്ങി ദിവസേന നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. ഉടനെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നുള്ള ആവശ്യം ശക്തമാണ്.

ഗോവിന്ദപുരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല.

- കെ.സി. ജയറാം, പ്രസിഡന്റ്, ഗോവിന്ദപുരം റസിഡൻസ് അസോസിയേഷൻ

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രദേശവാസികളുടെ ദുരിതം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും തുക പാസാക്കാമെന്നുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. ക്വാറി വേസ്റ്റ് ഉപയോഗിച്ച് താത്കാലിക പരിഹാരം കാണും.

- രാധാകൃഷണൻ, വാർഡ് കൗൺസിലർ