toll
പന്നിയങ്കര ടോൾ ബൂത്ത്

വടക്കഞ്ചേരി: പന്നിയങ്കര ടോൾ ബൂത്തിൽ പ്രദേശവാസികളിൽ നിന്നുള്ള ടോൾ പിരിവ് സെപ്തംബർ ഒന്നിന് ആരംഭിക്കും. പ്രദേശവാസികളായ ആറു പഞ്ചായത്തിലെ വാഹന ഉടമകൾ എല്ലാ മാസവും 315 രൂപയുടെ മാസപാസ് എടുക്കണമെന്നാണ് കരാർ കമ്പനി അധികൃതരുടെ നിർദേശം.

തിരിച്ചറിയൽ രേഖ കാണിച്ചുള്ള പ്രദേശവാസികളുടെ സൗജന്യ യാത്രകളിൽ നിരവധി വാഹനങ്ങൾ വ്യാജരേഖകൾ കാട്ടി കടന്നു പോകുന്നുണ്ടെന്നാണ് കരാർ കമ്പനി പറയുന്നത്. മാസപാസ് ഏർപ്പെടുത്തിയാൽ ഇത്തരം അനധികൃത പ്രവേശനം ഒഴിവാക്കാമെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ ആർ.സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ടോൾ ബൂത്തിൽ പരിശോധനകൾക്കു വിധേയമാക്കണമെന്ന് ഇപ്പോൾ നിർബന്ധിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവയിൽ നിന്നെല്ലാം ടോൾ പിരിവ് തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നുള്ള ടോൾപിരിവ് മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്.
പ്രദേശവാസികൾക്ക് സൗജന്യപാസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുമ്പോഴാണ് കരാർ കമ്പനിയുടെ പുതിയ നീക്കം.

അടുത്ത മാസം മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കുമെന്ന കരാർ കമ്പനിയുടെ അറിയിപ്പുണ്ടായിട്ടും എം.പി, എം.എൽ.എ ഉൾപ്പെടെയുള്ളവരോ രാഷ്ട്രിയ പാർട്ടികളോ ടോളിനെതിരെ രംഗത്തു വരുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.
ദിവസത്തിൽ പല തവണ ടോൾ ബൂത്ത് കടന്നു പോകേണ്ട പ്രദേശവാസികളെ ടോളിൽ നിന്നും ഒഴിവാക്കുമെന്നായിരുന്നു തുടക്കത്തിൽ കരാർ കമ്പനിയുടെ ഉറപ്പുകൾ. അതെല്ലാം തെറ്റിച്ചാണ് ഇപ്പോൾ കരാർ കമ്പനിയുടെ നീക്കം. നാഷണൽ ഹൈവെ അതോറിറ്റിയാണ് ടോൾ നിരക്ക് നിശ്ചയിക്കുന്നതും അത് നടപ്പിലാക്കാൻ നിർബന്ധിക്കുന്നതെന്നുമാണ് കരാർ കമ്പനി പറയുന്നത്. എന്നാൽ പരസ്പരം പഴിചാരി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്.

നിർദ്ദേശങ്ങൾ