binu-mol
ജില്ലാതല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാതല സംഘാടക സമിതി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. സാക്ഷരത പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ ജില്ലയിൽ നല്ല രീതിയിലാണ് സാക്ഷരത പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അങ്കൺവാടി ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ച് സാക്ഷരതാ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നും കെ.ബിനുമോൾ പറഞ്ഞു. തുടർന്ന് ഹയർ സെക്കൻഡറി, പത്താംതരം തുല്യത രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.

സാക്ഷരതാ മിഷൻ പദ്ധതി വഴി കേരളത്തിൽ നിലവിൽ സാക്ഷരതാ നിരക്ക് 96 ശതമാനമാണ്. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നിരക്ഷരത തുരുത്തുകൾ കണ്ടുപിടിച്ച് സംസ്ഥാനതലത്തിൽ 85,000 ആളുകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ജില്ലയിൽ 8000 പേർക്ക് സാക്ഷരത എത്തിക്കുമെന്നും ജില്ലയിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 100 പേർക്ക് വീതം എഴുത്തും വായനയും ഉറപ്പുവരുത്തുമെന്നും അധികൃതർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, സാക്ഷരത മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, പി.വി. പാർവതി, വാസുദേവൻ പിള്ള, എന്നിവർ പങ്കെടുത്തു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജൻഡർ ക്വിയർ വിഭാഗങ്ങൾ, തീരദേശ മേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിനായാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു