മണ്ണാർക്കാട്: കർഷകർക്ക് കണ്ണീരോണം സമ്മാനിച്ച് നാട്ടിൽ കാട്ടാനകളുടെ വിളയാട്ടം. തിരുവിഴാംകുന്ന് കച്ചേരിപറമ്പിൽ
പിലാച്ചുള്ളി പാടശേഖരത്ത് എത്തിയ കാട്ടാനക്കൂട്ടം ഓണ വിപണിയിലേക്ക് പാകമായ നിരവധി വാഴകൾ നശിപ്പിച്ചു.
ആവണക്കംകുളവൻ അബ്ദുൾ ഖാദറിന്റെ 150ഓളം വാഴകളും പുളിക്കൽ അലവിയുടെ 70ഓളം വാഴകളുമാണ് നശിപ്പിച്ചത്. ഒമ്പത് ആനകളാണ് കൃഷിയിടങ്ങളിലെത്തിയതെന്ന് പറയുന്നു. വാഴകൾ വീഴുന്ന ശബ്ദം കേട്ട് അബ്ദുൽ ഖാദർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ് ആനകളെ അകറ്റിയത്.
തുടരെ ഉണ്ടാകുന്ന കാട്ടാന വിളയാട്ടത്തിൽ കൃഷി നാശം നേരിടുന്ന കർഷകർ വളരെ ദുരിതത്തിലാണ്.
കഴിഞ്ഞവർഷം നശിപ്പിച്ച കൃഷിയുടെ നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു. പാട്ടത്തിന് ഭൂമിയെടുത്ത കർഷകരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ആനകൾ സ്ഥിരമായി നാട്ടിലിറങ്ങി വിലസുമ്പോഴും വനാതിർത്തിയിലെ സൗരോർജ വേലികൾ പ്രവർത്തനയോഗ്യമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും കർഷകർ പറഞ്ഞു.
വാഴകൾ വീഴുന്ന ശബ്ദം കേട്ടാണ് ആനകളെത്തിയത് അറിഞ്ഞത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ് ആനകളെ അകറ്റിയത്. വനപാലകരെ അറിയിച്ചെങ്കിലും ആനകൾ പോയതിനുശേഷമാണ് 100 മീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിന്ന് അവർ എത്തിയത്.
- അബ്ദുൾ ഖാദർ, കർഷകൻ