 
പാലക്കാട്: ട്രെയിനിൽ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്ക്കൽ വീട്ടിൽ ഹസ്സനാണ് (32) പിടിയിലായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന നർകോട്ടിക് ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ട്രെയിനിൽ ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവുമായി ബസിൽ തൃശൂർ ഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ വൈകീട്ട് ആറുമണിയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കിലോയ്ക്ക് നാലായിരം രൂപ നൽകിയാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങുന്നത്. അത് നാട്ടിലെത്തിച്ചാൽ കിലോ 20,000 രൂപയ്ക്ക് വിൽക്കും. പതിവായി ഇയാൾ കഞ്ചാവ് കടത്താറുണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ.എസ്.പി. എം. അനിൽകുമാർ, എസ്.ഐ. എസ്. ജലീലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ, നോർത്ത് എസ്.ഐ. രാജേഷ്, ജൂനിയർ എസ്.ഐ. തോമസ്, ജി.എസ്.ഐ. നന്ദകുമാർ, എസ്.സി.പി.ഒ.മാരായ സലീം, കാദർപാഷ, സി.പി.ഒ. ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.