കോന്നി : വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം മലയോരമേഖലയിൽ ദിനംപ്രതി കൂടുകയാണ്. ജൂൺ മാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ജൂലൈ മാസത്തിൽ വൈറൽ പനി ബാധിതരായി കോന്നി മെഡിക്കൽ കോളേജിലും, താലൂക്ക് ആശുപത്രിയിലും ചികത്സ തേടിയതിയത്. ഇപ്പോൾ പടരുന്ന പനികൾക്കും കൊവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. ദിവസവും അൻപതോളം പനി കേസുകളാണ് കോന്നി താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലും കഴിഞ്ഞ മാസം എത്തിയത്. കൊവിഡാണെന്നു സംശയം തോന്നിയാൽ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെതന്നെയാണ് മറ്റ് പനികളും. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുകളാണ് ഔദ്യോഗികമായി ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കെടുത്താൽ ഇരട്ടിയോളം വരുമെന്നും അധികൃതർതന്നെ വ്യക്തമാക്കുന്നു.
ലക്ഷണങ്ങൾ
കടുത്ത പനി, ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, ശക്തമായ തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. പരിപൂർണ വിശ്രമവും പോഷകാഹാരവും കുടിക്കാൻ വെള്ളവും നൽകണം. ഏത് പനിയും മാരകമാകുന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ, വയോധികർ, ഗർഭിണികൾ, പ്രമേഹരോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. തൊണ്ടവേദനയും ഛർദിക്കുമൊപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാകും. പനിക്കും സന്ധിവേദനക്കുമുള്ള ചികിത്സകളാണ് പ്രധാനമായും നൽകുക. ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴും വൈറസ് അന്തരീക്ഷത്തിലെത്തി മറ്റുള്ളവരിലേക്ക് പകരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധവും പ്രധാനമാണ്.