 
റാന്നി: പമ്പാനദിയിലെ ഉപയോഗശൂന്യമായ ബേബിവെൽ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. റാന്നി അവിട്ടം ജലോത്സവത്തിന് ഇത് ഭീഷണിയാകാൻ സാദ്ധ്യത ഏറെയാണ്. അങ്ങാടി ജലവിതരണപദ്ധതിക്ക് വേണ്ടി നിർമ്മിച്ച ബേബിവെൽ നിക്കം ചെയ്യണമെന്ന് വർഷങ്ങളായി ആവശ്യമുണ്ട്. ജലോത്സവ കാലത്ത് മാത്രമേ സംഘാടകരും ഇതേക്കുറിച്ച് ആലോചിക്കാറുള്ളു.റാന്നി അവിട്ടം ജലോത്സവ ദിനത്തിൽ പള്ളിയോടങ്ങൾക്ക് അപകടസൂചന നൽകാൻ കിണറിനു സമീപം ചുവപ്പ് കൊടി കെട്ടും. വേനൽക്കാലത്ത് നദിയിലെ ജലനിരപ്പ് കുറയുമ്പോൾ താഴെ പ്രവർത്തിക്കുന്ന, പമ്പ് ഹൗസിനു ചുറ്റും ജല ലഭ്യതക്കായി മണൽചാക്ക് അടുക്കി താത്ക്കാലിക തടയണ സ്ഥാപിക്കുന്നതിനാൽ തകരാറിലായ ബൈബിവെലിനു ചുറ്റും നല്ല ആഴമുണ്ട്. കൂടാതെ വേനൽക്കാലത്ത് സമീപസ്ഥലങ്ങളിലെ മലയോര മേഖലയിൽ നിന്നും കുളിക്കുവാൻ എത്തുന്നവർ കുട്ടി കിണറിനു ചുറ്റും രൂപപ്പെടുന്ന കുഴിയിൽ അപകടത്തിൽപ്പെട്ട സംഭവും ഉണ്ടായിട്ടുള്ളതായി നദി തീരത്ത് താമസിക്കുന്നവർ പറയുന്നുണ്ട്. റാന്നി അവിട്ടം ജലോത്സവത്തിനു കൂടാതെ വേനൽക്കാലങ്ങളിൽ നദികളിൽ കുളിക്കാൻ വരുന്നവർക്കുണ്ടാകുന്ന അപകട സാദ്ധ്യത മുൻനിറുത്തി ഉപയോഗത്തിലല്ലാത്ത ബേബിവെൽ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.