acci-car
വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. എം.സി. റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജങ്ഷനു സമീപം വൈദ്യുതി തൂണിലിടിച്ചു തകർന്ന കാർ

അപകടങ്ങൾ പെരുകുന്നു, നവീകരണംകൊണ്ടും ഫലമില്ല

.ചെങ്ങന്നൂർ: എം.സി. റോഡിൽ അടൂർ-ചെങ്ങന്നൂർ സുരക്ഷാ ഇടനാഴിയിൽ അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ മാസം ഒരു ദിവസം ഏഴു മണിക്കൂറിനിടെ മൂന്നു വാഹനാപകടങ്ങളിലായി രണ്ടുപേരാണ് മരിച്ചത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി രണ്ട് അപകടങ്ങളുണ്ടായി. ഇതിൽ മുളക്കുഴയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആഴ്ചയിൽ ശരാശരി ചെറുതും വലുതുമായ അഞ്ചോളം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മുളക്കുഴ മേഖലയിലും ആഞ്ഞിലിമൂട്, ചെങ്ങന്നൂർ നഗര കേന്ദ്രങ്ങളിലുമാണ് അപകടങ്ങളേറുന്നത്. ഇടനാഴിയുടെ ഭാഗമായി നിരവധി സുരക്ഷാ സംവിധാനങ്ങളും, ട്രാഫിക് പരിഷ്‌കരണങ്ങളും ഒരുക്കുമ്പോഴും എം.സി. റോഡിലെ അപകട പരമ്പരയ്ക്ക് അവസാനമില്ല. നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ആഞ്ഞിലിമൂട് ജംഗ്ഷനിലും നവീകരണം നടത്തി റൗണ്ട് എബൗട്ട് അടക്കം നിർമ്മിച്ചിട്ടും അപകടങ്ങൾ ഒഴിയുന്നില്ല. കഴിഞ്ഞ മാസവും രാത്രിയിൽ ഒരു ബൈക്ക് യാത്രികൻ റൗണ്ട് എബൗട്ടിനുള്ളിലേക്ക് തെറിച്ചുവീണിരുന്നു. വെളിച്ചക്കുറവിന് പരിഹാരമായി പിന്നീട് സജി ചെറിയാൻ എം.എൽ.എ ഇടപ്പെട്ട് റൗണ്ട് എബൗട്ടിൽ ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചിരുന്നു.

ചെങ്ങന്നൂർ-അടൂർ സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി 86 ലക്ഷം രൂപ ചെലവിലായിരുന്നു ആഞ്ഞിലിമൂട് ജംഗ്ഷനിൽ റൗണ്ട് എബൗട്ട് അടക്കം സ്ഥാപിച്ച് നവീകരണം നടത്തിയത്. റൗണ്ട് എബൗട്ട് തിരിയാനായി സിഗ്‌നൽ സ്ഥാപിച്ചിട്ടില്ലാത്തതും തിരിയുന്നതിലെ ധാരണക്കുറവും ഇപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. കോടുകുളഞ്ഞി, മാവേലിക്കര ഭാഗത്തേക്കുള്ള ബസുകളും വളവിന് സമീപം നിറുത്തുന്നതിനാൽ എം.സി. റോഡിൽ നിന്നുവരുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നുണ്ട്. സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സൂചനാ ബോർഡില്ലാത്തതിനാൽ കൊല്ലം-തേനി റോഡിലേക്കോ, പന്തളം ഭാഗത്തേക്കോ പരിചയമില്ലാത്ത യാത്രകാർക്ക് വണ്ടി തിരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്.

അമിത വേഗം:നിരീക്ഷണം ശക്തമാക്കണം

അപകടങ്ങൾ ഒഴിവാക്കാൻ രാത്രികാലങ്ങളിലടക്കം പൊലീസ്, മോട്ടോർ വാഹനവകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മിക്കപ്പോഴും ഡ്രൈവർ ഉറങ്ങിപ്പോകുന്നത് അപകടത്തിന് കാരണമാകുന്നതായി പൊലീസ് പറയുന്നു. ഇതിനുപുറമേ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും എം.സി. റോഡിൽ സ്ഥാപിക്കേണ്ടതുണ്ട്.