 
പത്തനംതിട്ട: കനത്ത മഴയിൽ ശബരിമല പാതയിൽ നിലയ്ക്കലിനും ഇലവങ്കലിനും മദ്ധ്യേ മരം വീണ് ഗതാഗതം തടസപ്പെട്ടതോടെ ആശുപത്രിയിലെത്തിക്കാനാകാതെ രോഗി മരിച്ചു.
അട്ടത്തോട് ആദിവാസികോളനിയിലെ പൂവേത്താലിൽ കുഞ്ഞുമോൻ ( 68) ആണ് മരിച്ചത്. ഇന്നലെ വെളുപ്പിന് നാലിനായിരുന്നു കൂറ്റൻ മരങ്ങൾ റോഡിലേക്ക് പിഴുതുവീണത്. ഇതോടെ വാഹന ഗതാഗതം തടസപ്പെട്ടു. ശ്വാസംമുട്ടൽ മൂലം ഗുരുതരാവസ്ഥയിലായ ഹൃദ്രോഗ ബാധിതനായ കുഞ്ഞുമോനുമായി പെരുനാട് ഗവ.ആശുപത്രിയിലേക്ക് വന്ന ഒാട്ടോറിക്ഷയും ഇവിടെ കുടുങ്ങി. തുടർന്ന് അഗ്നിരക്ഷാസേനയും ബന്ധുക്കളും ചേർന്ന് കുഞ്ഞുമോനെ കസേരയിൽ ഇരുത്തി വനത്തിൽ കൂടി ചുമന്ന് മറുവശത്തെത്തി മറ്റൊരു ഒാട്ടോയിൽ നിലയ്ക്കലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ജീവനക്കാരില്ലായിരുന്നു. തുടർന്ന് പെരുനാട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞുമോൻ മരിച്ചു.
ഭാര്യ : കുഞ്ഞമ്മ. മകൾ: മിനി. മരുമകൻ: രാജ. രാവിലെ 11 നാണ് റോഡിലെ തടസങ്ങൾ പൂർണമായും മാറ്റാൻ കഴിഞ്ഞത്