പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് അടിയോളം വെള്ളം ഉയർന്നു. ഇനി രണ്ടര അടി കൂടി ഉയർന്നാൽ പമ്പാനദി കരകവിഞ്ഞ് മണൽപ്പുറത്തേക്ക് ഒഴുകും. നിലവിൽ അപകട ഭീഷണിയില്ലെന്ന് പമ്പ പൊലീസ് പറഞ്ഞു.
നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. മഴ വീണ്ടും ശക്തമായാൽ പമ്പാ സ്നാനം വിലക്കിയേക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.
ശ്രീകോവിൽ ചോർച്ച
നാളെ പരിശോധിക്കും
ശബരിമല ശ്രീകോവിലിൽ ചോർച്ചയുണ്ടായ ഭാഗം നാളെ പരിശോധിക്കും. രാവിലെ എട്ടരയോടെ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാകും വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന. വൈകിട്ട് ശ്രീകോവിൽ തുറന്ന ശേഷം അകത്തേക്ക് വെള്ളം വീഴുന്നുണ്ടോയെന്ന് തന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കും.