പത്തനംതിട്ട: സി. പി.ഐ ജില്ലാ സമ്മേളനം 5,6,7 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എ.പി ജയനും ജനറൽ കൺവീനർ വി.കെ പുരുഷോത്തമൻപിള്ളയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 36 വർഷങ്ങൾക്കു ശേഷമാണ് പത്തനംതിട്ടയിൽ വീണ്ടും ജില്ലാ സമ്മേളനം നടക്കുന്നത് . സി.പി.ഐക്ക് പത്തനംതിട്ടയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ലാ സെക്രട്ടറി കൂടിയായ എ. പി .ജയൻ പറഞ്ഞു. കൂടുതൽ പേർ പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മെമ്പർഷിപ്പിൽ മാത്രമല്ല ബ്രാഞ്ച് ലോക്കൽ മണ്ഡലം കമ്മിറ്റികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട് . 5000 ൽ പരം പുതിയ അംഗങ്ങളും 400 ൽ പരം പുതിയ ബ്രാഞ്ചുകളും 17 ലോക്കൽ കമ്മിറ്റികളും 3 മണ്ഡലം കമ്മിറ്റിയും ഉണ്ടായിട്ടുണ്ട്. കൊവിഡ് കാലത്തും പ്രളയകാലത്തും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. 263 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഞ്ചിന് വൈകിട്ട് നാലിന് ജില്ലയുടെ ഏഴ് കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന ദീപശിഖ, പതാക, ബാനർ, കൊടിമര ജാഥകൾ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് പഴയ പ്രൈവറ്റ് ബസ് സറ്റാൻഡിൽ ജില്ലയിലെ
മുതിർന്ന നേതാവ് വൈ. തോമസ് പതാക ഉയർത്തും. ദേശീയസെക്രട്ടേറിയറ്റംഗം അമർജിത്കൗർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ. പി. ജയൻ അദ്ധ്യക്ഷത വഹിക്കും. ആറിന് രാവിലെ 10 ന് സെന്റ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും . സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരൻ, മന്ത്രി പി. പ്രസാദ് , മന്ത്രി ജെ. ചിഞ്ചുറാണി , എൻ. രാജൻ , എന്നിവർ പ്രസംഗിക്കും .