
കോന്നി : മലയോരത്തെ വിവിധ പ്രദേശങ്ങൾ മഴക്കെടുതി ഭീഷണിയിൽ. കോന്നി, മലയാലപ്പുഴ, അരുവാപ്പുലം, കലഞ്ഞൂർ, തണ്ണിത്തോട് പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളായി റവന്യു വകുപ്പ് കണക്കാക്കുന്നു. കോന്നി പൊന്തനാംകുഴി മണ്ണിടിച്ചിൽ ഉണ്ടാവാൻ കൂടുതൽ സാദ്ധ്യതയുള്ള പ്രദേശമാണ്. മലഞ്ചരുവിലുള്ള ഈ പ്രദേശത്ത് മുൻപും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്. മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിലും കല്ലാറ്റിൽ ജലനിരപ്പുയർന്നാൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശമാണ്. പലപ്പോഴും ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കലഞ്ഞൂർ കുറ്റുമണ്ണിൽ വലിയതോട് കരകവിഞ്ഞാൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്.