അടൂർ : അടൂർ നഗരസഭ നാലാം വാർഡിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളും തെരുവുനായ്ക്കളും വിഹരിക്കുന്നു. കാർഷികവിളകൾ നശിപ്പിക്കുകയും കോഴികളെ കൊന്നൊടുക്കുകയുമാണ് തെരുവുനായ്ക്കൾ. നേരത്തെ വയലിലെ കൃഷി നശിപ്പിച്ചിരുന്ന പന്നിക്കൂട്ടം ഇപ്പോൾ കരഭൂമിയിലുമെത്തി. രാത്രിയിലാണ് ഇവയുടെ വിളയാട്ടം. പുതുവാക്കൽ ഏലായിൽ മരച്ചീനി, ചേന, ഏത്തവാഴ തുടങ്ങിയ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. തെങ്ങിൻതൈകൾ പോലും നശിപ്പിക്കും. പന്നിശല്യത്തിന് പരിഹാരം കാണാൻ നഗരസഭ നേരത്തെ തിരുമാനിച്ചിരുന്നെങ്കിലും തുടർനടപടിയില്ല.
തെരുവ് നായ്ക്കളുടെ ആക്രമണമാണ് നാടിന് മറ്റൊരു ഭീഷണി.വഴിയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതിനൊപ്പം വളർത്തുകോഴികളെ ഇവ കൊന്നുതിന്നുകയും ചെയ്യുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവൻ വഴി ലഭിച്ച കോഴികളാണ് മിക്കയിടത്തും. വായ്പയെടുത്ത് വാങ്ങി വലിയതോതിൽ കോഴിയെ വളർത്തുന്നവരുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ഡസനിലധികം കോഴികളെയാണ് തെരുവുനായ്ക്കൾ കൊന്നത്. തെരുവുനായ്ക്കളെ അമർച്ച ചെയ്യുന്നതിന് നടപടിയില്ലാത്തതോടെ ഇവയുടെ എണ്ണം വർദ്ധിക്കുകയാണ്.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനൊപ്പം തെരുവ് നായ്ക്കളെ അമർച്ച ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കണംമെന്ന് യുവകർഷകനായ
അനീഷ് ചേന്തുകുളത്ത് ആവശ്യപ്പെട്ടു.