ആറൻമുള : വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി നടക്കുന്ന അടുപ്പിലേക്ക് അഗ്‌നി പകരുന്ന ചടങ്ങ് ഭക്തിസാന്ദ്രമായി. പാർത്ഥസാരഥി ക്ഷേത്രം മേൽശാന്തി വി. വേണുകുമാർ പകർന്നുനൽകിയ ഭദ്രദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ ഊട്ടുപുരയിലെ ഭദ്രദീപത്തിലേക്ക് കൊളുത്തി. മുതിർന്ന പാചകക്കാരൻ വാസുപിള്ള അടുപ്പിലേക്ക് അഗ്‌നി പകർന്നു. പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, ട്രഷറർ കെ. സഞ്ജീവ് കുമാർ, ഫുഡ് കമ്മിറ്റി കൺവീനർ വി.കെ.ചന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, കെ. ഹരിദാസ്, ജഗൻമോഹൻദാസ്, പി. ആർ. ഷാജി, ശശികുമാർ പാണ്ടനാട്, ശരത് പുന്നംതോട്ടം, കെ. ജി. കർത്ത, ചന്ദ്രശേഖരൻ നായർ, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി പറമ്പൂരില്ലത്ത് രഞ്ജിത്ത് നാരായണൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നലെ പുലർച്ചെ ഗണപതി ഹോമം നടത്തിയിരുന്നു. നാളെ വള്ളസദ്യ വഴിപാടുകൾ ആരംഭിക്കും. ഏഴ് പള്ളിയോടങ്ങൾ ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കും.
പമ്പയിലെ ജലനിരപ്പ് അപകടനിലയിലായതോടെ ചടങ്ങുകൾക്ക് തടസമുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഭക്തർ. ഇന്നലെ ഓറഞ്ച് അലർട്ട് ആയതോടെ, രണ്ട് വർഷത്തിന് ശേഷം നടക്കുന്ന വള്ളസദ്യയിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് വിശ്വാസികൾ.