indore
ഇൻഡോർ സ്റ്റേഡിയത്തിൽ ലേലം ചെയ്യാനായി ഇറക്കിയിട്ടിരിക്കുന്ന മണ്ണിൽ പുല്ല് കിളിർത്ത് കിടക്കുന്നു

പത്തനംതിട്ട : ലേലം ചെയ്യാനായി പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയത്തിലിറക്കിയിട്ടിരുന്ന മണ്ണിൽ പുല്ല് കിളിർത്തു. മൈനർ ഇറിഗേഷൻ വകുപ്പ് പുഴകളിൽ നിന്നും തോടുകളിൽ നിന്നും നീക്കം ചെയ്യുന്ന മണലാണ് പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയത്തിൽ നിക്ഷേപിക്കുന്നത്. അഞ്ചടിയോളം ഉയരത്തിലാണ് ഇവിടെ മണ്ണും ചെളിയും തള്ളിയിരിക്കുന്നത്. മണൽ ലേലം ചെയ്ത് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ ആറ് മാസം പിന്നിട്ടിട്ടും ഇതുവരെ മണൽ നീക്കം ചെയ്തിട്ടില്ല. ലേലം ചെയ്ത് കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നഗരസഭയ്ക്കും ബാക്കി റവന്യുവിനും ലഭിക്കും. ജില്ലാ കളക്ടർ പങ്കെടുത്ത കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലാണിത്. ഇറിഗേഷൻ വകുപ്പിന് ചെളി നിക്ഷേപിക്കാൻ ഒരു സ്ഥലം വേണമെന്നാവശ്യപ്പെട്ടപ്പോൾ എല്ലാവരുടേയും അനുമതിയോടെയാണ് ഇൻഡോർ സ്റ്റേഡിയത്തിനായുള്ള സ്ഥലം വിട്ട് നൽകിയതെന്ന് നഗരസഭാ അധികൃതർ പറയുന്നു. എന്നാൽ മണലിൽ നിറയെ പുല്ല് കിളിർക്കുകയും മണ്ണ് ഉറയ്ക്കുകയും ചെയ്തു.

ഇൻഡോർ സ്റ്റേഡിയത്തിനായുള്ള പ്രാഥമിക ഘട്ട പൈലിംഗ് നടന്ന പ്രദേശമാണിത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായത്തോടെ 16 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. മൂന്ന് ഏക്കർ സ്ഥലം സ്റ്റേഡിയം നിർമാണത്തിനായി നഗരസഭ വിട്ടുനൽകിയിട്ടുണ്ട്.

5500 സ്‌ക്വയർഫീറ്റിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. നിർമാണം 22മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അന്ന് കേന്ദ്ര പൊതുമരാമത്ത് വിഭാഗം അറിയിച്ചിരുന്നത്. ഇപ്പോൾ രണ്ട് വർഷമാകുന്നു നിർമ്മാണോദ്ഘാടനം നടത്തിയിട്ട്. തറക്കല്ലിട്ടിട്ട് അഞ്ച് വർഷം കഴിഞ്ഞു. രണ്ടുരാജ്യാന്തര മത്സരങ്ങൾ ഒരേ സമയം നടത്താൻ കഴിയുന്ന രീതിയിലുള്ള സ്റ്റേഡിയമായിരുന്നു വിഭാവനം ചെയ്തിരുന്നത്. 5000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമടക്കം ഇതിലുൾപ്പെടും.