അടൂർ : വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പഞ്ചായത്തുകളി​ൽ ഹെൽപ്പ് ഡെസ്കും ക്യാമ്പുകളും ആരംഭിക്കാൻ തീരുമാനിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ആളുകളെ മാറ്റുന്നതിന് പഞ്ചായത്തുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. അച്ചൻകോവിൽ, കല്ലട നദികളുടെ തീരങ്ങൾ കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മേജർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. ഈ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു. വെള്ളപ്പൊക്കം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഡിങ്കി ബോട്ട് ,സ്പീഡ് ബോട്ട് എന്നിവ സജ്ജീകരിക്കുന്നതിന് കളക്ടർക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനമെടുത്തു. പൊലീസ്, തദ്ദേശസ്വയംഭരണം, ഫയർഫോഴ്സ്, റവന്യൂ വകുപ്പുകൾ യോജിച്ച് ആവശ്യസമയത്ത് പ്രവർത്തിക്കാനും അടൂർ നഗരസഭയിൽ ക്യാമ്പ് തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണിയ സഖറിയ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജകുമാരി, അടൂർ നഗരസഭ ചെയർമാൻ ഡി.സജി, പന്തളം നഗരസഭ ചെയർപേഴ്സൺ സുശീലസന്തോഷ്, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാൽ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്‌, ആർ.ഡി.ഒ തുളസീധരൻപിള്ള , തഹസീൽദാർ പ്രദീപ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.