pamba
കനത്തമഴയെ തുടർന്ന് പമ്പാനദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നപ്പോൾ

@ വെള്ളപ്പൊക്ക ഭീഷണിയിൽ നാട്

@ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയുടെ കിഴക്കൻ പ്രദേശമായ ചെങ്ങന്നൂർ വെള്ളപ്പൊക്ക ഭീഷണിയിലേക്ക്.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ തുടർച്ചയായ മഴയും ഉരുൾപൊട്ടലും ഉണ്ടായതോടെ വെള്ളം ഇവിടേക്ക് എത്തുമെന്ന ഭീതിയിലാണ് ജനം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പുയർന്നാൽ ചെങ്ങന്നൂർ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിലാകും .2018ലെ മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ നാശം സംഭവിച്ച പ്രദേശമാണ് ചെങ്ങന്നൂർ. 2019ലെ വെള്ളപ്പൊക്കവും താലൂക്കിനെ സാരമായി ബാധിച്ചു.

വെള്ളപ്പൊക്ക ഭീതി തുടരുന്ന സാഹചര്യത്തിൽ സജിചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും വിവിധ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് മഴക്കെടുതികൾ അവലോകനം ചെയ്തു. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കി.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ,തിരുവൻവണ്ടൂർ, മാന്നാർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലുമായി 6 ക്യാമ്പുകൾ ആരംഭിച്ചു. ഇവിടെ 17 കുടുംബങ്ങളിൽ നിന്നുളള 85 പേരാണ് എത്തിയിട്ടുളളത്. മഴയും വെളള്ളപ്പൊ

ക്കവും രൂക്ഷമായാൽ ഏതു നിമിഷവും ജനങ്ങളെയും വളർത്തുമൃഗങ്ങളെയും ഒഴിപ്പിക്കാൻ സജ്ജരായിരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദ്ദേശിച്ചു. ഇതിനായി വളളങ്ങളും ആംബുലൻസും ടോറസും സജ്ജമാക്കണമെന്നും ക്യാമ്പുകളിലേക്കാവശ്യമായ പാചകവാതകവും പച്ചക്കറികളും പലവ്യ‌ഞ്ജനങ്ങളും എത്തിക്കുവാനും അദ്ദേഹം നിർദ്ദേശം നൽകി.

പൊലീസ് സഹായം തേടണം

വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറുന്നില്ലെങ്കിൽ അവരെ നിർബന്ധപൂർവം ഒഴിപ്പിക്കണമെന്നും ഇതിന് പൊലീസ് സഹായം തേടണമെന്നും അവലോകനയോഗം നിർദ്ദേശിച്ചു. മുളക്കുഴ കോടംതുരുത്ത് ഭാഗം, ഇരമല്ലിക്കര- ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ വെളളം കയറിയതിനെ തുടർന്ന് ഇവിടം ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെനിന്ന് ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറാൻ കൂട്ടാക്കുന്നില്ല. ഇവരെ നിർബന്ധപൂർവം ഒഴിപ്പിക്കാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.

കുടിവെള്ള ക്ഷാമം

നദികളിലെ വെള്ളം ശുദ്ധീകരിച്ചാണ് താലൂക്കിൽ കുടിവെള്ള വിതരണം നടത്തുന്നത്. എന്നാൽ മഴവെളളം കുത്തിയൊലിച്ചെത്തിയതോടെ ശുദ്ധീകരിക്കാൻ കഴിയാത്തവിധം വെള്ളം കലങ്ങിയെന്നും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൺട്രോൾ റൂം

താലൂക്കിൽ മഴക്കെടുതിയിൽപ്പെടുന്നവരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമായി.ഫോൺ 04792452334

.

വ്യാപക കൃഷിനാശം

ചെങ്ങന്നൂരിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ഓണ വിപണി ലക്ഷ്യം വച്ച് പച്ചക്കറി കൃഷിയും വാഴയും നട്ടവരാണ് ഏറെ ദുരിതത്തിലായത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ പച്ചക്കറി വ്യാപകമായി നശിക്കും. മാത്രമല്ല വെറ്റക്കൊടി കർഷകർക്കും റബർ കർഷകർക്കും മഴ തിരിച്ചടിയായിട്ടുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് ആരംഭിച്ചു.