മല്ലപ്പള്ളി : വെള്ളപ്പൊക്ക ഭീഷണി മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കോട്ടാങ്ങലിൽ അഡ്വ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ തീരുമാനിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചു ചേർത്തത്. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡസ്ക്കും പ്രവർത്തനമാരംഭിക്കും. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സാധനസാമഗ്രികളുംജീവനക്കാരെയും സജ്ജമാക്കും. കഴിഞ്ഞവർഷം മണിമലയാറ്റിൽ ജലനിരപ്പ് വൻതോതിൽ ഉയർന്ന് ഈ മേഖലയിൽ വലിയ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. കോട്ടാങ്ങൽ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോർജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ, ഡപ്യൂട്ടി കളക്ടർ ജയശ്രീ, ഡപ്യൂട്ടി തഹസിൽദാർ ഷിബു തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.