ചെങ്ങന്നൂർ: വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടും പണം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി മടക്കിനൽകാതിരുന്ന ആംബുലൻസ് പിടിച്ചെടുക്കാൻ എം.എൽ.എ സജി ചെറിയാന്റെ നിർദ്ദേശം. മഴക്കെടുതി വിലയിരുത്തുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. ഇതേതുടർന്ന് ഉദ്യോഗസ്ഥർ കോട്ടയത്തെ വർക്ക്ഷോപ്പുമായി ബന്ധപ്പെട്ടതോടെ ആംബുലൻസ് ഇന്നുതന്നെ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂർ ഗവ. ജില്ലാ ആശുപത്രിയിൽ രണ്ട് ആംബുലൻസാണുളളത്. ഡി.എച്ച്.സിയാണ് വർക്ക്ഷോപ്പിൽ പണം നൽകേണ്ടിയിരുന്നത്. അവരുടെ ഉദാസീനതയാണ് ആംബുലൻസ് ലഭിക്കാൻ വൈകുന്നതിന് കാരണമായത്. എം.എൽ.എ ഇടപെട്ടതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇവരും നിർബന്ധിതരായി. മഴതുടരുന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രികേന്ദ്രീകരിച്ച് രോഗികൾക്കായി പ്രത്യേക ക്രമീകരണം സജ്ജമാക്കി. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും മെഡിക്കൽ ടീമും പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.