ചെങ്ങന്നൂർ: അനധികൃത കെട്ടിടങ്ങൾക്ക് വ്യാജമായി നമ്പരിട്ടു നൽകുന്ന അഴിമതിയ്ക്ക് തടയിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മികവുറ്റ ഐ.ടി സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഷിബുരാജൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങന്നൂർ നഗരസഭാ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ അപാകതകൾ മുതലെടുത്താണ് പല സ്ഥലങ്ങളിലും അനധികൃത നമ്പർ നൽകിയിട്ടുള്ളത്. മെഡിസെപ്പിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുകയും നിലവിലുള്ള ആശുപത്രികളിലെ എല്ലാ ചികിത്സകളും ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടു വരുകയും വേണം. വെട്ടിക്കുറച്ച പദ്ധതി വിഹിതം സർക്കാർ അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും കെ.ഷിബുരാജൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ.നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.എസ്. ഐവി, കെ. പ്രീതാമോൾ, എം.മനോജ്, ജി.സുമാദേവി, ബി.ദീപ, കെ.കുഞ്ഞുമോൻ, ജെ.ജിബു,എസ്. മഞ്ജു,ജെയ്‌സ് ബാബു എന്നിവർ പ്രസംഗിച്ചു.