sabarimala
ശബരിമല ശ്രീകോവിലിന്റെ ചോർച്ച അടച്ചു

പൂർണമായ അറ്റകുറ്റപ്പണി 22ന് തുടങ്ങും

ശബരിമല: ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച താൽക്കാലികമായി പരിഹരിച്ചു. പൂർണമായ അറ്റകുറ്റപ്പണി 22ന് ആരംഭിച്ച് ഒാണം പൂജകൾക്ക് മുൻപ് പൂർത്തിയാക്കും.

ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് ചാേർച്ച പരിശോധന ആരംഭിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, എക്സിക്യൂട്ടീവ് ഒാഫീസർ എച്ച്. കൃഷ്ണകുമാർ, കമ്മിഷണർ ജി. ബൈജു, സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, ചീഫ് എൻജിനീയർ ആർ. അജിത്കുമാർ, സ്ഥപതി എം.കെ രാജു, ശിൽപ്പികളായ പളനി ആചാരി, ആനന്ദൻ ആചാരി എന്നിവർ നേതൃത്വം നൽകി.

ചെമ്പ് പാളികൾക്കു മുകളിൽ സ്വർണപ്പാളി ഉറപ്പിച്ച ആണികൾ ദ്രവിച്ചതിനാലാണ് ചോർച്ചയുണ്ടായത്. മേൽക്കൂരയുടെ കിഴക്കുഭാഗത്ത് കോടിക്കഴുക്കോൽ വഴി വെള്ളം ചോർന്ന് ഭിത്തിയിലേക്ക് നനവുമുണ്ടായി. ആദ്യം മേൽക്കൂരയ്ക്ക് അടിയിലെ ഒരു ചെമ്പ് പാളി ഇളക്കി. പിന്നീട് നാല് സ്വർണപ്പാളികൾ ഇളക്കി പുതിയ ആണികൾ കൊണ്ട് ഉറപ്പിച്ചു. മേൽക്കൂര മുഴുവൻ ടാർപ്പാളിൻ മൂടി. സ്വർണപ്പാളികളിലെ വിടവിലൂടെ ചോർച്ചയുണ്ടാകാതിരിക്കാൻ പശ ഉപയോഗിക്കും.

മേൽക്കൂരയിലെ ചെമ്പുപാളിക്കോ തടിക്കാേ കേടില്ല.

കാലപ്പഴക്കം കാരണമാണ് ചോർച്ചയെന്നാണ് നിഗമനം. 1997ൽ ശ്രീകോവിൽ സ്വർണം പൂശിയ ശേഷം നവീകരണം നടന്നിട്ടില്ല. മേൽക്കൂരയിലെ കഴുക്കോലിന് മുകളിൽ പലക ഉറപ്പിച്ച് ചെമ്പ് പാളി അടിച്ചതിനു ശേഷമാണ് സ്വർണം പൊതിഞ്ഞിട്ടുള്ളത്.