04-pdm-muni

പന്തളം : ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്‌സണും ഭരണകക്ഷിയിൽപ്പെട്ട കൗൺസിലർമാരും തമ്മിലുള്ള വാക്പയറ്റും അസഭ്യവർഷവും ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കി. കൗൺസിൽ ഹാളിൽ നടന്ന നീതീകരിക്കാനാകാത്ത പെരുമാറ്റദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളും രംഗത്തെത്തി. ഇതോടെ നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു.

പാർലമെന്ററി പാർട്ടി ലീഡറും ബി.ജെ.പി. ജില്ലാ സെക്രട്ടറിയുമായ കെ.വി.പ്രഭയോട് നഗരസഭാ ചെയർപേഴ്‌സൺ സുശീലാ സന്തോഷ് മോശമായി സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഇത് സംബന്ധിച്ച് ചെയർപേഴ്‌സൺ വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇന്നലെ കൗൺസിൽ ആരംഭിപ്പോൾ തന്നെ ബി.ജെ.പിയിലെ മറ്റു കൗൺസിലർമാർ ഇതേ ആവശ്യവുമായി ചെയർപേഴ്‌സണെ സമീപിച്ചിരുന്നു.

ഞായറാഴ്ച രാത്രി ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഭർത്താവുമൊത്ത് നഗരസഭ ഓഫീസിൽ എത്തിയ ചെയർപേഴ്‌സണിന്റെ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മൊബൈലിൽ പകർത്തി പാർട്ടി ഗ്രൂപ്പിൽ കെ.വി.പ്രഭ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സംഭവമറിഞ്ഞ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നഗരസഭ കൗൺസിൽഹാളിൽ എത്തിയ ചെയർപേഴ്‌സൺ സുശീല സന്തോഷ്, ഇൗ സമയം അവിടെയുണ്ടായിരുന്ന കെ.വി.പ്രഭയോട് മോശമായി സംസാരിച്ചു. ഇൗരംഗം മറ്റൊരു ബി.ജെപി കൗൺസിലറായ കിഷോർ കുമാർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി ചെയർപേഴ്‌സണൽ ഇന്നലെ കൂടിയ കൗൺസിലിൽ അറിയിതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. വിവാദത്തിൽപ്പെട്ട കൗൺസിലർമാരെ പുറത്താക്കണമെന്നും പൊലീസിൽ പരാതി നൽകണമെന്നും പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം മുദ്രാവാക്യ വിളികളുമായി ചെയർപേഴ്‌സന്റെ ചേമ്പറിലേക്ക് എത്തി ബഹളംവച്ചു. പാർട്ടിയോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്‌സൺ അറിയിച്ച് കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ ഇൗ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷം പ്രകടനവുമായി നഗരസഭയുടെ മുമ്പിൽ എത്തി. ഇതേ ആവശ്യം ഉന്നയിച്ച് ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ നഗരസഭാ കവാടം ഉപരോധിച്ചു. കോൺഗ്രസ് കൗൺസിലർമാർ നഗരസഭയുടെ ഫ്രണ്ട് ഓഫീസിലെത്തി കുത്തിയിരിപ്പ് സമരവും നടത്തി.

രാജി അനിവാര്യം : യു.ഡി.എഫ്

പന്തളം : ബി.ജെ.പിയിലെ തമ്മിലടി മൂലം നഗരസഭയിൽ ഭരണസ്തംഭനം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെയർപേഴ്‌സണും ഭരണസമിതിയും രാജിവച്ചു ജനങ്ങളോട് പ്രതിബദ്ധത കാട്ടണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിലിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച കൗൺസിലർമാർ മുനിസിപ്പൽ ഓഫീസിനു മുമ്പിലെത്തി ഉപരോധിച്ചു. സ്ത്രീത്വത്തെ അപമാനിച്ചവർക്കെതിരെ കേസെടുത്തന്വേഷിക്കും വരെ സമരം തുടരുമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. പാർലമെന്ററി സെക്രട്ടറി കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പന്തളത്തിന് അപമാനം: ഡി.വൈ.എഫ്.ഐ

പന്തളം : നഗരസഭാദ്ധ്യക്ഷയുടെയും ബി.ജെ.പി കൗൺസിലർമാരുടെയും പേക്കൂത്തുകൾ നാടിന് അപമാനമായ സാഹചര്യത്തിൽ ചെയർപേഴ്‌സൺ സുശീലാസന്തോഷ് രാജിവയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

നഗരസഭാഓഫീസിന് മുന്നിൽ നടന്ന ഉപരോധസമരം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് ഉദ്ഘാടനംചെയ്തു .പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്.ശ്രീഹരി അദ്ധ്യക്ഷനായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ലസിത നായർ, കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് രാധ രാമചന്ദ്രൻ ,പന്തളം നഗരസഭ കൗൺസിലർ എസ്.അരുൺ,ഡി.വൈ.എഫ് .ഐ പന്തളം ബ്ലോക്ക് സെക്രട്ടറി എസ്.സന്ദീപ് , ട്രഷറർ വിഷ്ണു കെ.രമേശ് എന്നിവർ സംസാരിച്ചു .വർഷ ബിനു , സൽമാൻ സക്കീർ ,ഷാനവാസ് കടയ്ക്കാട് , നിബിൻ രവീന്ദ്രൻ, കെ.അനീഷ് കുമാർ, രഞ്ചിത്ത്, വക്കാസ് അമീർ, നഗരസഭാ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ എന്നിവർ നേതൃത്വം നല്കി.