പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ എ ബ്ലോക്കിൽ ലിഫ്റ്റ് സ്ഥാപിക്കാൻ ആറ് മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ,​ പത്തനംതിട്ട നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജനറൽ ആശുപത്രി സൂപ്രണ്ടിൽ നിന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് വാങ്ങി. ആശുപത്രിയുടെ എ ബ്ലോക്കിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ആശുപത്രി വികസന സമിതിയിൽ ഫണ്ട് ലഭ്യമല്ല. ഇക്കാര്യം ആവശ്യപ്പെട്ട് എം.എൽ.എയ്ക്കും നഗരസഭാ സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ ബീനാകുമാരിയാണ് ഉത്തരവിട്ടത്.