തിരുവല്ല: പമ്പ, മണിമല നദികൾ കരകവിഞ്ഞതോടെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലവെള്ള പാച്ചിൽ ശക്തമാണ്. പടിഞ്ഞാറൻ മേഖലകളിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നു. അതിശക്തമായ മഴ ഒഴിഞ്ഞതാണ് അൽപ്പമെങ്കിലും ആശ്വാസമായത്. കിഴക്കൻ മേഖലകളിലും മഴ കുറഞ്ഞതിനാൽ കലക്കവെള്ളം തെളിഞ്ഞു തുടങ്ങി. മഴ കുറഞ്ഞെങ്കിലും ജില്ലയിലും സമീപ ജില്ലകളിലും ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം ഒഴിയാത്തതിനാൽ താലൂക്കിൽ ഇന്നലെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇന്നലെ വരെ 25 ക്യാമ്പുകളിലായി. 160 കുടുംബങ്ങളിലെ 534 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. താലൂക്കിലെ ഭൂരിഭാഗം വില്ലേജുകളിലും ഇപ്പോൾ ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നു. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരമാണ്. ഗ്രാമീണമേഖലയിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കാവുംഭാഗം - ചാത്തങ്കരി, വൈക്കത്തില്ലം - പെരിങ്ങര, മേപ്രാൽ, നിരണം തോട്ടടി, കുറ്റൂർ - തെങ്ങേലി എന്നീ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇന്ന് അവധി
പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ച വർദ്ധിച്ച മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു.
എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.