camp
തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി കെ രാജൻ സന്ദർശിക്കുന്നു

തിരുവല്ല : തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെയും മല്ലപ്പള്ളി സി.എം.എസ് സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി കെ.രാജൻ സന്ദർശനം നടത്തി. സെന്റ് തോമസ് സ്‌കൂളിൽ അന്തേവാസികൾക്കായി രാവിലെ ഭക്ഷണം തയാറാക്കുന്ന സമയത്താണ് മന്ത്രിയെത്തിയത്. ക്യാമ്പിന്റെ പ്രവർത്തനത്തെക്കുറിച്ചും അന്തേവാസികളുടെ വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. തിരുമൂലപുരം 18-ാം വാർഡിലെ മംഗലശേരി കോളനിയിലെ റോഡ് പുനർനിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കോളനിയിൽ താമസിക്കുന്ന സരസ്വതിക്ക് 25,000 രൂപ ധനസഹായം നൽകാൻ മന്ത്രി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. 28 കുടുംബങ്ങളിലെ 110 പേരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. മല്ലപ്പള്ളി മുട്ടത്തുമണ്‍ പ്രദേശത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് നാല് കുടുംബങ്ങളിലെ 15 പേരാണ് സി.എം.എസിലെ ക്യാമ്പിൽ താമസിക്കുന്നത്. മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ,ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ, തഹസിൽദാർ പി. ജോൺ വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.ജി. രതീഷ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം രാജി പി.രാജപ്പൻ, പഞ്ചായത്ത് മെമ്പർ രോഹിണി ജോസ്, ജിതിൻ ഷാജി, റെജി, ബാബു പാലക്കൽ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ജനങ്ങൾ ജാഗ്രത പുലർത്തണം

കേരളം അതിതീവ്ര മഴയിൽ നിന്ന് പുറകോട്ട് പോയിട്ടില്ല. ജനങ്ങൾ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് മഴ തുടരുകയാണ്. കാറ്റ് ശക്തി പ്രാപിക്കുകയുമാണ്. ഡാമുകൾ പൊതുവേ സുരക്ഷിതമാണ്. റൂൾ കർവ് അനുസരിച്ചു വെള്ളം ഒഴിക്കിവിടുന്നുണ്ട്. ശബരിമലയിലെ തീർത്ഥാടനം സുരക്ഷിതമാക്കാൻ എല്ലാ വകുപ്പുകളെയും സജ്ജമാക്കി
എൻ.ഡി.ആർ.എഫ് ആവശ്യമായ ജില്ലകളിൽ തയ്യാറാണ്.

കെ. രാജൻ, റവന്യൂ മന്ത്രി