ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട് ഈരടിച്ചിറ റോഡ് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി വരട്ടാറിന് കുറുകെ നിർമ്മിച്ച തകിടുപാലം അപകടാവസ്ഥയിലായി. അതിശക്തമായ മഴവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തുന്ന തടികളും മരങ്ങളും പാലത്തിൽ ഇടിച്ചുനിൽക്കുന്നതാണ് അപകടനിലയിലാകാൻ കാരണം. താൽക്കാലികമായി നിർമ്മിച്ച പാലത്തിന്റെ തൂണുകളും സുരക്ഷിതമല്ല. ഒഴുക്ക് ശക്തമാകുന്നതോടൊപ്പം പാലത്തിന് ബലക്ഷയം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒഴുക്ക് ശക്തമായതോടെ നാട്ടുകാരും വാർഡ് അംഗം രാജ്കുമാറും മുൻകൈ യെടുത്ത് പാലത്തിൽ തടഞ്ഞുകിടന്ന വൻ തടികളും മരക്കൊമ്പുകളും എടുത്തുമാറ്റി. ഇന്നലെ വീണ്ടും തടികളും മരങ്ങളും ഒഴുകിയെത്തി തടസമായതോടെ സമീപവാസികൾ പഞ്ചായത്ത് പ്രസിഡന്റ് പി.വി സജനെ വിവരം അറിയിച്ചു. തുടർന്ന് ചെങ്ങന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി താത്കാലിക പാലത്തിൽ അടിഞ്ഞുകൂടിയ തടികൾ മാറ്റാൻ പരിശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് തടസമായി. മഴവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.