പത്തനംതിട്ട :പത്തനംതിട്ട ജനറൽ ആശുപത്രി മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രികൾ മാതൃ ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഗുണനിലവാര പരിശോധനയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എം.ബി.എഫ്.എച്ച്.ഐ. (മദർ ആൻഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്) സർട്ടിഫിക്കേഷൻ നേടാനായത്. ജില്ലയിൽ സർക്കാർ തലത്തിൽ ആദ്യമായാണ് ഒരു ആശുപത്രി സർട്ടിഫിക്കേഷൻ നേടുന്നത്.

പരിശോധനയിൽ ജനറൽ ആശുപത്രി 96.41 ശതമാനം മാർക്ക് നേടി. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മാതൃ ശിശു സൗഹൃദ ആശുപത്രിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികളുടെ പരിചരണം, പ്രസവം തുടങ്ങിയവ സ്ത്രീ സൗഹാർദമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. സംസ്ഥാന തലത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സർട്ടിഫിക്കേഷൻ നൽകുന്നത്.